ആരിൽ നിന്നും കൊവിഡ് പകരാം; ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകൾ : ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതിന് പിന്നാലെ അതിജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കഴിഞ്ഞ ഏഴ് മാസക്കാലമായി കൊവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയിൽ കൊണ്ടുപോകുകയാണ്. ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓഗസ്റ്റ് 19നാണ് രോഗികളുടെ എണ്ണം 50,000 കടന്നത്. കേവലം ഒരുമാസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഒരുലക്ഷത്തിലെത്തി. വരും ആഴ്ചകളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ആരിൽ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയിൽ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. അതിനാൽ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാൽ കൊവിഡിൽ നിന്നും എത്രയും വേഗം നമുക്ക് രക്ഷനേടാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലം കൂടിയാണിത്. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതൽ 10 ശതമാനമായപ്പോൾ കേരളത്തിലെ മരണനിരക്ക് 0.4 ശതമാനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ച് നിൽക്കാൻ നമുക്കായി. ആദ്യ ഘട്ടത്തിൽ മൂന്ന് കേസുകളാണുണ്ടായത്. രണ്ടാം ഘട്ടത്തിൽ രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും കൂടുതലാളുകൾ എത്തിക്കൊണ്ടിരുന്നതോടെ രോഗികൾ കൂടി.

ലോക്ക്ഡൗൺ മാറി ചെക്ക്‌പോസ്റ്റുകൾ തുറന്നതോടെ മൂന്നാം ഘട്ടത്തിൽ രോഗികളുടെ എണ്ണം പതിയെ വർധിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ക്ലസ്റ്റർ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു. പ്രതിദിന പരിശോധനകളുടെ എണ്ണം 45,000 വരെ ഉയർത്തി. ഇനിയും പരിശോധനാ സംവിധാനം കൂട്ടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.