യാത്രക്കാര്‍ കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലെ വിമാനത്താവളങ്ങളില്‍ എത്തുന്നതിന് കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ. നെഗറ്റീവ് ഫലം ലഭിച്ചവര്‍ 96 മണിക്കൂറിനുള്ളില്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പ്യൂവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നിവയുടെ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധന ഫലമാണ് ഹാജരാക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ കൊവിഡ് പരിശോധനാ ഫലത്തിന്റെ ഫോട്ടോകോപ്പികളും കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കില്ല. കൂടാതെ, ലാബിന്റെ ഒറിജിനല്‍ ലെറ്റര്‍ഹെഡില്‍ സീലും ഒപ്പും വെച്ചിരിക്കണം. ഇതില്‍ പരിശോധന ഫലം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത രീതിയിലാണ് സമര്‍പ്പിക്കേണ്ടത്.

എയര്‍ ഇന്ത്യയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന ഫലം നിര്‍ബന്ധമാണ്. അതേസമയം ട്രൂനാറ്റ്, സി.ബി നാറ്റ് എന്നീ പരിശോധന ഫലങ്ങള്‍ സ്വീകരിക്കില്ല. യാത്രക്കാര്‍ നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.