തിരുവനന്തപുരത്തെ കോവിഡ് വ്യാപനം; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നടപടി തുടങ്ങിയതായി കടംകപള്ളി സുരേന്ദ്രന്‍. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കണ്ടെത്തും. പരിശോധനകള്‍ വര്‍ധിപ്പിക്കാനും സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

24 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണു ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മിക്കവയും നൂറോളം പേരെ താമസിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. രോഗം വ്യാപിക്കുന്നതോടെ കൂടുതല്‍ പേരെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറ്റേണ്ടിവരും. ഇത് മുന്നില്‍ക്കണ്ടാണ് മൂന്നുറോളം പേരെ ഉള്‍ക്കൊള്ളാവുന്ന സിഎഫ്എല്‍ടിസികള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

രോഗം വ്യാപിക്കുന്ന സാഹചര്യമായതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ മുന്‍കരുതലും ജാഗ്രതയും പാലിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ വര്‍ധിച്ചതോടെ ജാഗ്രതയില്‍ കുറവു വരുന്ന സാഹചര്യമുണ്ട്. ഇതു സ്ഥിതി ഗുരുതരമാക്കും.

ജില്ലയില്‍ ആയിരത്തിനടുത്തു രോഗികള്‍ പ്രതിദിനം ഉണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെങ്കിലും കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണ്. ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉണ്ട്. കോവിഡ് ബ്രിഗേഡില്‍ ഡോക്ടര്‍മാര്‍ കൂടുതലായി പങ്കെടുക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, സബ് കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ അനു എസ്. നായര്‍, മറ്റു വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ