മഷിയടയാളങ്ങൾ (കവിത-ലിഖിത ദാസ് )

വാക്കു മുറിച്ചിട്ട്..
പേന കുത്തിക്കെടുത്തി
മുറി വലിച്ചടച്ച് ഇറങ്ങിപ്പോയ
ഒരു മനുഷ്യനു വേണ്ടി
കാത്തിരിക്കുകയാണ്.
പോകുമ്പോൾ
അയാളുടെ കവിതബാധിച്ച മുറിയിൽ
വിഷാദത്തിന്റെ മുറിഞ്ഞ ചിറകുകൾ
തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
ഭ്രാന്തൊഴിഞ്ഞ മേശയിൽ
ഉന്മാദകാലത്തിന്റെ മഷിയടയാളങ്ങൾ
ഉണങ്ങിപ്പിടിച്ചിരുന്നു.
ചുവരുകളിൽ
ചെകുത്താന്റെ വിരലുകൾ കൊണ്ട്
പലതവണ അയാളെഴുതിയിട്ട
ആത്മഹത്യാക്കുറിപ്പുകൾ.
പകലുകളിൽ അയാൾ
കവിതയെഴുതുകയും
രാത്രികാലങ്ങളിൽ
അവയുറക്കെ വായിച്ച് അതിലുമുച്ചത്തിൽ
കരയുകയും ചെയ്യാറുണ്ട്.
ഒടുവിൽ ഉറങ്ങിക്കിടക്കുന്ന
എന്നെ വിളിച്ചുണർത്തി മടിയിൽ
എന്റെ ഇളയകുഞ്ഞിനെപ്പോലെ
ഏങ്ങലടിച്ച് ചുരുണ്ടുറങ്ങാറുണ്ട്.
അയാളെഴുതിയ രഹസ്യക്കവിതകൾ
മൂന്നാമതും പിടിക്കപ്പെട്ടതിന്റെ
പിറ്റേദിവസമാണ് അയാൾ
ഒടുവിലത്തെ ആത്മഹത്യാക്കുറിപ്പെഴുതുന്നത്.
അയാളുടെ മേൽ ചാഞ്ഞു കിടന്ന്
കവിത ചൊല്ലാൻ കഴിയാത്ത ഞാൻ
മൂത്തവളെയും കെട്ടിപ്പിടിച്ച്
കരയാതിരുന്നു.
കത്തു തിരിച്ചേൽപ്പിക്കുമ്പോ
ഒരൊഴിഞ്ഞചിരി കൊണ്ട്
അയാളെന്റെ നോട്ടത്തെ വിഴുങ്ങി.
രാത്രിയയാൾ പതിവുപോലെ
വിളിച്ചുണർത്തിയില്ല..
വിങ്ങിക്കരഞ്ഞില്ല..
വെളുപ്പാൻ കാലത്ത്
ഒഴിഞ്ഞ കയ്യുമായി ഭാരമില്ലാതെ
അയാളിരുട്ടിലേക്കിറങ്ങിപ്പോയി.
അയാളെഴുതിയിട്ട ഒന്ന്
ഞാനാദ്യമായി ഉറക്കെ വായിച്ചു.
എനിയ്ക്ക് കണ്ണെരിഞ്ഞുകേറി.
കുഞ്ഞു നഷ്ടപ്പെട്ടതറിഞ്ഞ്
മുലക്കണ്ണു വിങ്ങി..
വാക്കു മുറിഞ്ഞു..
ഒടുവിലത്തെ വരിയിൽ തടഞ്ഞ്
ഹൃദയം വേച്ചുപോയി.
“പ്രിയപ്പെട്ടവളേ..
വാക്കുകൊണ്ട് മുറിവേറ്റവളെ…
കരളു വെന്ത കുറ്റത്തിന്
ഉടലഴിഞ്ഞു ഞാൻ പോകുന്നു..
ഉടലഴിഞ്ഞു ഞാൻ പോകുന്നു..”
മുറിയിൽ കയറി കുറിപ്പിനുചോടെ
ഞാനെന്റെ ആദ്യ കവിതയെഴുതി
“ചെകുത്താന്റെ വിരലുകൊണ്ട്
ദൈവച്ചിരി വരയ്ക്കുന്നവനേ..
ഉയിരുകൂടി നീ തിരിയേവരിക.
തുരന്നെടുത്ത ഹൃദയം
ഒരു ചുംബനം കൊണ്ട് തുടച്ചെനിയ്ക്ക്
തിരികെത്തരിക.
– കാത്തിരിക്കുന്നു.”