ചിങ്കാരിപ്പെട്ടിയിലെ പുന്നാരങ്ങൾ (മിനി വിശ്വനാഥൻ )

വർഷങ്ങൾക്ക് ശേഷം എന്റെ പഴയ ചിങ്കാരിപ്പെട്ടി തുറന്നപ്പോൾ ഓർമ്മകളുടെ നീലവാനിലേക്ക് പറത്തിയുയർത്തിയ പലതും ഉണ്ടായിരുന്നു അതിലെന്ന് മുന്നേ പറഞ്ഞിരുന്നല്ലോ.
ആ കൂട്ടത്തിലെ മനോഹരമായി പൂപ്പണി ചെയ്ത ഒരു കല്ല് വീണ്ടുമെന്നെ വയനാട്ടിലെ ഫോറസ്റ്റ് ബംഗ്ലാവിലേക്കും വള്ളിയൂർക്കാവിനു മുന്നിലൂടെ ഒഴുകുന്ന ബാവലി പുഴക്കരയിലേക്കും ഒരു നിമിഷം കൊണ്ട് ചുഴറ്റിയെറിഞ്ഞു.
അക്കാലത്തെ ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഞാനും ജോഗിയും വള്ളിയൂർക്കാവിനു മുന്നിലൂടെ ഒഴുകുന്ന പുഴക്കരയിലെ പഞ്ചാരമണലിൽ കുത്തിമറിയുമായിരുന്നു. അവിടെ അലക്കാനായും കുളിക്കാനായും വരുന്ന കുട്ടികളുടെ കൂടെ ഓടിക്കളിക്കും. കൂട്ടിന് ചാമിക്കുട്ടിയും ഉണ്ടാവും. അവൻ ചാടിത്തിമിർത്ത് പുഴയുമായി കെട്ടിമറിഞ്ഞു മുങ്ങാംകുഴിയിട്ട് നീന്തുന്നത് ഞാൻ നോക്കി നിൽക്കും. മുങ്ങി നിവരുമ്പോൾ തേഞ്ഞ് രൂപം മാറിയ ചില കല്ലുകൾ എനിക്കായി കൈയ്യിലൊതുക്കിപ്പിടിച്ചിട്ടുണ്ടായിരിക്കും. ചിലതൊക്കെ ഞാൻ പുഴക്കരയിൽ തന്നെ ഉപേക്ഷിക്കും. അക്കൂട്ടത്തിൽ കൈയ്യിൽ കൂട്ടിയ ഒരു കല്ലായിരുന്നു താഴെ കാണുന്നത്. മമ്മി ഫാബ്രിക്ക് പെയിന്റു കൊണ്ട് ഒരു ചെംപൂ വരച്ച് സുന്ദരിയാക്കിയ ഇതിനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു എന്ന സത്യം വീണ്ടുമോർമിക്കുന്നത് ഇപ്പഴാണ്.
വയനാട്ടിലെ വീട്ടിൽ ഞങ്ങൾക്കാർക്കും പ്രവേശനമില്ലാത്ത ഒരു മുറിയായിരുന്നു ഡാഡിയുടെ ഓഫീസ് മുറി. ഫയലുകളും റെജിസ്ട്രറുകളുമൊക്കെ ഒതുക്കി വെച്ച് ശരിക്കുമൊരു ഓഫീസ് സെറ്റപ്പിലായിരുന്നു അത്. രാവിലെ ജോഗിയുടെ ഡ്യൂട്ടി ആരംഭിക്കുന്നത് അത് അടിച്ചു തുടച്ചും മേശപ്പുറത്തെ പൊടി തട്ടിക്കൊണ്ടുമാണ്. അങ്ങിനെ ഒരു ദിവസം ജോഗിയുടെ പിന്നാലെ ഞാനും ആ മുറിയിൽ കടന്നു. മേശപ്പുറത്തിരിക്കുന്ന ഒന്നും തൊടരുതെന്ന കർശന നിർദ്ദേശത്തോടെ എന്നെ ഓഫീസ് ചെയറിൽ കയറ്റിയിരുത്തി, ജോഗി പണി തുടർന്നു.
അപ്പോഴാണ് ഞാൻ ആ മേശപ്പുറത്ത് അതി മനോഹരവും സുന്ദരവുമായ ഒരു സ്ഫടിക ഗോളം കാണുന്നത്. അത്രയും ഭംഗിയുള്ളതും മിനുപ്പുള്ളതുമായ ഒരു വസ്തു എന്റെ ജീവിതത്തിനിടക്ക് ആദ്യമായി കാണുകയായിരുന്നു. ആ ഗോളത്തിന്റെ ഉള്ളിലൊളിച്ചിരിക്കുന്ന രണ്ട് നീളൻ ഇലകളും ചുവന്ന ഒരു പൂവും അതിനിടയിലെ ഒരു സ്വർണ്ണത്താറാവും എന്നെ അവരിലേക്ക് മാടി വിളിച്ചു. ആ ഗോളത്തിനുള്ളിൽ ഈ ഇലകളും പൂക്കളും താറാവും എങ്ങനെ കയറിക്കൂടിയെന്ന അത്ഭുതം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
ആ സുന്ദര ഗോളം ഒരു എട്ടുവയസുകാരിക്ക് ഏല്പിക്കാവുന്നതിന്റെ പരമാവധി സമ്മർദ്ദം എനിക്ക് നൽകിക്കഴിഞ്ഞിരുന്നു.
ഞാൻ ഓഫീസ് ചെയറിൽ നിന്ന് ഊരിയിറങ്ങി സാവധാനം വലിയ ഉരുണ്ട റൂളറിനു പിന്നിലൊളിച്ചിരിക്കുന്ന ആ ഗോളം മെല്ലെ തട്ടിനീക്കി എന്റെ കൈപ്പിടിയിലാക്കി…
(അത് കൈയിൽ വന്നപ്പോൾ ഞാനനുഭവിച്ച സന്തോഷം ഇന്നും എന്നെ പിൻതുടരുന്നുണ്ട്.)
മേശമേൽ കൈ വെക്കരുത് എന്ന നിർദ്ദേശത്തോടെ ജോഗി മുറിയുടെ പുറത്തേക്ക് തുറക്കുന്ന കണ്ണാടി വാതിലുകൾ തുടച്ചു തുടങ്ങി.
മുറിയിലെ മറ്റു കാഴ്ചകൾ മടുത്തു തുടങ്ങിയതിനാൽ ഞാൻ നല്ല കുട്ടിയായി മേശമേൽ കൈകളൂന്നാതെ പുറത്തിറങ്ങി. പക്ഷേ ജോഗി കാണാതെ ആ കണ്ണാടിഗോളം കൈയിൽ ഒതുക്കിപ്പിടിച്ചതിൽ ചെറിയ ഒരു കുറ്റബോധം തോന്നിയെങ്കിലും പ്രായത്തിന്റെ ചോരത്തിളപ്പിൽ അതു സാവധാനം അലിഞ്ഞു പോയി…
ശേഷം സംഭവിച്ചത് ആർക്കും ഊഹിക്കാവുന്നതാണ്. ആ സ്ഫടിക ഗോളത്തിനുള്ളിലിരുന്ന് എന്നെ കൊതിപ്പിച്ച പൂവും ഇലയും അരയന്നങ്ങളും മായക്കാഴ്ചകളായി മാറിയെന്ന സ്വാഭാവിക പരിണതിക്കു
ശേഷം ബുദ്ധിശൂന്യതയുടെ കുറ്റബോധമില്ലായ്മയാലോ , ഡാഡിയുടെ അമിതലാളന നൽകിയ അഹങ്കാരത്താലോ എന്നറിയില്ല ഞാൻ ആ സ്ഫടികഗോളത്തിനു പകരം ഈ കല്ല് ആരുമറിയാതെ ഓഫീസ് മേശയിൽ സ്ഥാപിച്ചു…..
അതേക്കുറിച്ച് അന്ന് ചർച്ചകളുണ്ടായിട്ടുണ്ടാവുമെന്ന് ഉറപ്പാണ് , പേപ്പർ വെയിറ്റിനു വന്ന രൂപപരിണാമം ശ്രദ്ധിക്കാതിരിക്കാൻ ഒരു വഴിയുമില്ല …
അതിനാലാവും പിന്നെ ജോഗി ഒരിക്കലും എന്നെ ആ മുറിയിൽ കടക്കാൻ സമ്മതിക്കാതിരുന്നത്…..
പക്ഷേ എന്നോടാരും ഒന്നും ചോദിച്ചില്ല….
എന്റെ വികൃതികൾക്ക് അർദ്ധവിരാമം വന്നതും അന്നത്തോടെയായിരുന്നെന്നാണ് തോന്നുന്നത്…..
അതൊക്കെ ഓർമ്മിപ്പിച്ചു കൊണ്ട് നിറമൊട്ടും മങ്ങാതെ അവളിന്നും എന്റെ ചിങ്കാരപ്പെട്ടിയിൽ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ