മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് എണ്‍പത്തിയേഴാം പിറന്നാൾ

ലയാള സിനിമയുടെ മുതിർന്ന കാരണവർ, അതുല്യ പ്രതിഭ മധുവിന് ഇന്ന് എണ്‍പത്തിയേഴാം പിറന്നാൾ. നടൻ, ചലച്ചിത്രകാരൻ, നിർമ്മാതാവ്, അധ്യാപകൻ എന്നീ മേഖലകളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ വേഷങ്ങളാണ്. ഒരു കാലത്ത് വലിയ അഭിനിവേശത്തോടെയും ആവേശത്തോടെയും കൂടി താര സിംഹാസനത്തിൽ ഇരുന്നിരുന്ന സത്യത്തെയും പ്രേം നസീറിനെയും ഇടയിൽ സർഗ്ഗാത്മകമായ അഭിനയപാടവം കൊണ്ട് തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയ പ്രതിഭയാണ് മധു.

മലയാള സിനിമയുടെ സുവർണകാലം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച കലാകാരനാണ് മധു. തനതായ അഭിനയ ശൈലിയും, വ്യത്യസ്തമായ ശബ്ദവും സിനിമാ പ്രേക്ഷകർക്കിടയിൽ മധുവിനെ പ്രിയതാരമാക്കി മാറ്റുന്നതിൽ സഹായിച്ചിട്ടുണ്ട്.

1963-ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. അറുപതു ലക്ഷം രൂപയാണ് അന്ന് ആ ചിത്രം ബോക്സ് ഓഫീസിൽ കൊയ്തത്. പാറപ്പുറത്തിന്റെ ഒരു നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രമാണ് മധു ചെയ്തത്. ഇത്തരത്തിൽ വലിയ രീതിയിലുള്ള വരവറിയിച്ച് മധു പിന്നീട് മലയാള സിനിമയുടെ ഒരു അവിഭാജ്യഘടകമായി മാറുകയായിരുന്നു.

ഈ വർഷം അഭിനയ ജീവിതത്തിലെ അൻപത്തിയേഴ്‌ വർഷങ്ങൾ പൂർത്തിയാക്കുന്ന ഇദ്ദേഹം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 370- ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.