ഉമ്മയും വിടചൊല്ലി (കവിത -ഗഫൂർ എരഞ്ഞിക്കാട്ട് )

യാത്രയായി എന്നുമ്മയും
നൂറ്റെട്ടു പേരായി
മക്കളും പേരക്കിടാങ്ങളും
കണ്ണീരിൽ കുതിർന്ന
പ്രാർത്ഥനകളോടെ
യാത്രയാക്കി തിരു
സവിധത്തിലേക്ക്

സ്നേഹമാണ്‌ ഉമ്മ
ധൈര്യമാണ് ഉമ്മ
നന്മയാണ് ഉമ്മ
പ്രാർത്ഥനയാണുമ്മ

അതിഥികളെ പ്രത്യേകം
സത്കരിക്കുന്നുമ്മയെ
അതിഥിയായ് സ്വീകരിക്കണേ റഹ്മാനെ ….
ദാന ധർമങ്ങളായ്
എപ്പോഴും നൽകുന്ന
ഉമ്മയുടെ ദാനങ്ങൾ സ്വീകരിക്കണേ ….

നിന്നെ വണങ്ങാനും
നിന്നോട് തേടാനും
നിന്നെ ആരാധിക്കാനും
ഞങ്ങളെ പ്രാപ്തരാക്കി
നിന്നിലെക്ക് മടങ്ങിയ ഉമ്മയെ നീ
സ്വീകരിക്കണേ തമ്പുരാനേ …..

ആയ കാലത്തിലേ സാക്ഷരത നേടി
കാട്ടിപ്പരുത്തി ദേശത്തുനിന്നെത്തി
ഹാജിയാര് മാഷുടെ
സഹധർമിണിയായി
എരഞ്ഞിക്കാട്ട് വീട്ടിൽ വന്നെത്തി
പല്ലാർ ദേശത്ത് കാലം കഴിച്ചുട്ടി
എൺപത്തി ആറ് ആണ്ടോളം ജീവിച്ച്
പല പാവപ്പെട്ടോർക്കും
താങ്ങായി തണലായി
കൂരിപ്പറമ്പിൽ
ആമിന ഹജ്ജുമ്മ
പല്ലാറ്റെ പള്ളിക്കാടതിൽ വിശ്രമം .
മൊട്ടായ് വിരിഞ്ഞ പൂവുകളൊക്കെയും
വാടിക്കൊഴിയും പ്രപഞ്ചസത്യം .

മക്കൾക്ക് വേണ്ടി ത്യാഗങ്ങളൊരുപാട്
സഹിച്ചൊരുമ്മ നടന്നകന്നു
പന്ത്രണ്ടു മക്കളെ പോറ്റി
വളർത്തിയന്നുമ്മയുടെ ചിരിയില്‍
വസന്തം വിടർന്നു
ഇന്നുമ്മയുടെ മൗനത്തിൽ
വിരഹം മുളക്കുന്നു

നന്മ പറഞ്ഞും നേരെ നടത്തിയും
ഒരുപാട് പേർക്ക് കഞ്ഞി വിളമ്പി
മാതൃത്വമെന്തെന്ന് ജീവിച്ചു കാണിച്ച
മാതാവിനെയങ്ങ്‌ മണ്ണ് വാങ്ങി

ദുർഘടങ്ങൾ താണ്ടിയുള്ള
ബാല്യകാല ഓർമകൾ
മരണ മില്ലാതെ
ഇടക്കയവിറക്കി

കൂടപ്പിറപ്പായ ആങ്ങളമാരെയും
കൂടെക്കളിച്ച സഹോദരി മാരെയും
എന്നും സ്നേഹിച്ച്‌ മാറോട് ചേർത്ത്
കുടുംബ ബന്ധം പുലര്‍ത്താൻ പഠിപ്പിച്ച
ആ പുണ്യ ദേഹി പറന്നകന്നു

പുണ്യ റസൂലിനെ കണ്ടുമുട്ടാനും
അവിടുന്ന് ഹൗളുൽ കൗസര്‍ കുടിക്കാനും
ഉമ്മാക്കും ഞങ്ങൾക്കും
വിധി നൽകണേ അല്ലാഹ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ