യു.ഡി.എഫിന് ഹസ്സൻ ബാധ്യതയാകുമോ ?

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍’ യു.ഡി.എഫ് നേതൃത്വം. വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണയാണ് മുന്നണിയില്‍ രൂക്ഷമായ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. ഇനി എസ്.ഡി.പി.ഐയുമായി കൂടി ധാരണ രൂപപ്പെട്ടാല്‍ ഈ ഭിന്നത വലിയ പൊട്ടിതെറിയിലാണ് കലാശിക്കുക. ഈ രണ്ട് പാര്‍ട്ടികളുമായും ധാരണയുണ്ടാക്കാന്‍ മുസ്ലീം ലീഗിനാണ് ഏറെ താല്‍പര്യമുള്ളത്. ലീഗിന്റെ കുത്തക സീറ്റുകള്‍ പോലും നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിനു കാരണം.

ഇടതുപക്ഷവുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് ലീഗ് ഇവിടെ ആഗ്രഹിക്കുന്നത്. ത്രികോണ മത്സരവും ചതുഷ്‌ക്കോണ മത്സരവും വന്നാല്‍ അത് മലബാറില്‍ ലീഗിനാണ് വലിയ തിരിച്ചടിയുണ്ടാക്കുക. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഒരു മുഴം മുന്‍പേ ലീഗിപ്പോള്‍ എറിഞ്ഞിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി അമീറിനെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ സന്ദര്‍ശിച്ചതും ലീഗ് നേത്യത്വത്തിന്റെ അറിവോടെയാണ്. ഇതിന് തൊട്ടു പിന്നാലെയാണ് ധാരണ സംബന്ധിച്ച് വെല്‍ഫയര്‍ പാര്‍ട്ടി നേതൃത്വവും പരസ്യപ്രസ്താവന നടത്തിയിരിക്കുന്നത്. ഇതോടെയാണ് യു.ഡി.എഫിലെ മറ്റു കക്ഷികളും വെട്ടിലായി പോയത്.

കോണ്‍ഗ്രസ്സിലാണ് ആദ്യം തന്നെ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്. ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ഈ നീക്കം ചൊടിപ്പിച്ചിരിക്കുന്നത്. എം.എം ഹസ്സന്‍ മുന്നണിക്ക് ബാധ്യതയാണെന്ന വികാരമാണ് ഈ നേതാക്കള്‍ക്കെല്ലാമുള്ളത്. ജമാഅത്തെ ബന്ധം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരസ്യമായി നിഷേധിക്കേണ്ടി വന്നതും പാര്‍ട്ടിയിലെ എതിര്‍പ്പ് കണക്കിലെടുത്താണ്. എന്നാല്‍ ഈ നിലപാടും താല്‍ക്കാലികം മാത്രമാണ്. ലീഗ് പിടിമുറുക്കിയാല്‍ മുല്ലപ്പള്ളിക്കും വഴങ്ങേണ്ടി വരും. കെ. മുരളീധരന്‍ മാത്രമാണ് ധാരണാ നീക്കത്തെ പരസ്യമായി അനുകൂലിച്ചിരിക്കുന്നത്.

മുന്നണിയിലെ മൂന്നാമത്തെ പ്രധാന ഘടക കക്ഷിയായ ആര്‍എസ്പിയെയും ഈ ധാരണ നീക്കം വെട്ടിലാക്കിയിട്ടുണ്ട്. സഖ്യ ധാരണകള്‍ കൊല്ലത്ത് തിരിച്ചടിക്കുമോ എന്നതാണ് ആര്‍.എസ്.പിയുടെ ഭയം. ലീഗിന്റെ സമ്മര്‍ദമാണ് ജമാഅത്തെയെ കൂട്ടിലേക്ക് നയിച്ചതെന്ന വികാരമാണ് കോണ്‍ഗ്രസ് അണികള്‍ക്കുമുള്ളത്. യുവ എം.എല്‍.എമാരും കലിപ്പിലാണ്. ലീഗ് കോപം ഭയന്നാണ് പലരും പരസ്യമായി പ്രതികരിക്കാതിരിക്കുന്നത്. എം.എം ഹസന്‍ ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതില്‍ ആര്യാടന്‍ മുഹമ്മദ് ഏറെ ക്ഷുഭിതനാണ്. തന്റെ തട്ടകത്തില്‍ തന്നോട് ആലോചിക്കാതെ നടന്ന സന്ദര്‍ശനമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിലും ഈ ധാരണക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മതരാഷ്ട്ര വാദികളുമായി കൈകോര്‍ക്കുമ്പോള്‍ നേതൃത്വം മതനിരപേക്ഷ സമൂഹത്തിന്റെ വികാരം അവഗണിക്കുകയാണെന്ന വികാരമാണ് യൂത്ത് കോണ്‍ഗ്രസ്സിനുള്ളത്. മുസ്ലിം യൂത്ത് ലീഗിലും രൂക്ഷമായ ഭിന്നതയാണ് ഉയര്‍ന്നിരിക്കുന്നത്. കെ.എം ഷാജി, പി.കെ ഫിറോസ് വിഭാഗങ്ങളാണ് എതിര്‍പ്പുയര്‍ത്തുന്നത്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ പാര്‍ട്ടികളുമായി സഖ്യം വേണ്ടെന്ന നിലപാടാണ് യൂത്ത് ലീഗിലെ പ്രബല വിഭാഗത്തിനുള്ളത്. തങ്ങള്‍ ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുമോ എന്ന ഭീതിയാണ് ആര്യാടന്‍ മുഹമ്മദിനെയും കെ.എം ഷാജിയെയുമെല്ലാം അലട്ടുന്നത്.

എന്നാല്‍ ഈ എതിര്‍പ്പൊന്നും കണക്കിലെടുക്കാതെയാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസിലെ എതിര്‍പ്പും ലീഗ് കാര്യമാക്കുന്നില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ആശീര്‍വാദത്തിലാണ് എല്ലാം നടന്നതെന്നാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായി മാസങ്ങള്‍ക്കു മുമ്പ് തന്നെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തിയതായാണ് വെളിപ്പെടുത്തല്‍. പഞ്ചായത്ത് തല ധാരണ അവസാന ഘട്ടത്തിലായതിനാല്‍ ഇനി പിന്നോട്ടുപോക്ക് സാധ്യമല്ലെന്നതാണ് ലീഗിന്റെയും നിലപാട്. സഖ്യം സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയുണ്ടാക്കിക്കാനാണ് ലീഗ് ശ്രമം. അതല്ലങ്കില്‍ സ്വന്തം നിലയ്ക്ക് ധാരണയുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം നല്‍കിയിട്ടുണ്ട്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. തീവ്രനിലപാടുള്ള സംഘടനകളെ ഒപ്പം കൂട്ടിയാല്‍ ഹിന്ദു – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അകലുമെന്ന ഭയവും കോണ്‍ഗ്രസ്സിനുണ്ട്. നിലവില്‍ ജോസ്.കെ മാണി വിഭാഗം മുന്നണി വിട്ടത് ക്രൈസ്തവ വോട്ടുകളിലെ ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് കോണ്‍ഗ്രസ്സ് ഭയക്കുന്നത്. ഇതിനൊപ്പം ഭൂരിപക്ഷ സമുദായം കൂടി കൈവിട്ടാല്‍ വലിയ പ്രഹരമാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫിന്റെ പുതിയ സഖ്യ നീക്കം ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിലൂടെ ന്യൂനപക്ഷങ്ങളില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ ഇതിനകം തന്നെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദു വോട്ടുകളില്‍ നിലവില്‍ തന്നെ വ്യക്തമായ ഭൂരിപക്ഷവും ഇടതുപക്ഷത്തിനുണ്ട്. ജോസ് കെ മാണി വിഭാഗത്തിന്റെ വരവോടെ ക്രൈസ്തവ വിഭാഗത്തിലും സ്വാധീനമുറപ്പിക്കാന്‍ ഇടതുപക്ഷത്തിന് ഇനി കഴിയും. ഇതിനെല്ലാം പുറമെ പിണറായി സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടമാകാനാണ് സാധ്യത. ഏറ്റവും താഴെ തട്ടില്‍ വരെ എത്തുന്ന നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ നടത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 30 എണ്ണം മാത്രമാണ് ഇനി നടപ്പാക്കാന്‍ അവശേഷിക്കുന്നത്. ഇതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകമാണ്. 2010-ല്‍ 540 ഓളം പഞ്ചായത്തുകളില്‍ ഭരണം നേടിയ യു.ഡി.എഫിന് 2015-ല്‍ കനത്ത തിരിച്ചടിയാണ് നേരിട്ടിരുന്നത്. തിരഞ്ഞെടുപ്പ് നടന്ന 941 പഞ്ചായത്തുകളില്‍ 539 എണ്ണത്തിലും ഇടതുപക്ഷമാണ് അന്ന് അധികാരം പിടിച്ചിരുന്നത്. കോട്ടയം, മലപ്പുറം ജില്ലകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് ജില്ലകളില്‍ യു.ഡി.എഫ് ഏറെ പിന്നാക്കം പോയിരുന്നു. നഗരസഭകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും അവിടെയും മുന്‍തൂക്കം ഇടതുപക്ഷത്തിന് തന്നെയാണുണ്ടായത്.

2010-ല്‍ 21 നഗരസഭ കൈവശമുണ്ടായിരുന്ന ഇടതുപക്ഷത്തിന് 2015-ല്‍ 45 ഇടത്താണ് ഭരണം ലഭിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് തരംഗമാണുണ്ടായത്. 152 ബ്ലോക്കുകളില്‍,2010 -ല്‍ യു.ഡി.എഫ് 92ഉം ഇടതുപക്ഷം 56 ഉം എന്നതായിരുന്നു സ്ഥിതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 91 ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിജയിച്ചിരിക്കുന്നത്. യു.ഡി.എഫ് ആകട്ടെ 60-ല്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. ജില്ലാപഞ്ചായത്തുകളില്‍ രണ്ട് മുന്നണികളും ഏകദേശം സമാന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ആര്‍.എസ്.പി ഒപ്പമുണ്ടായിട്ടും കൊല്ലം ജില്ലയിലാണ് യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടിരുന്നത്.

ഇടതുപക്ഷമെന്നാല്‍ സി.പി.എം ആണെന്ന് തെളിയിക്കുന്ന വിജയം കൂടിയായിരുന്നു കൊല്ലത്തുണ്ടായിരുന്നത്. യു.ഡി.എഫിനും കോണ്‍ഗ്രസിനും ഏറ്റവും വലിയ തിരിച്ചടിയുണ്ടായ മറ്റൊരു ജില്ല തൃശൂരാണ്. ലീഡറുടെ സ്വന്തം ജില്ലയില്‍ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി വ്യത്യാസമില്ലാതെ യു.ഡി.എഫിന് കനത്ത പ്രഹരമാണുണ്ടായത്. ജോസ് കെ മാണി വിഭാഗം കൂടി മുന്നണി വിട്ടതിനാല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഇത്തവണ യു.ഡി.എഫ് വലിയ വെല്ലുവിളിയാണ് നേരിടാന്‍ പോകുന്നത്.മലപ്പുറം കോട്ട കൈവിട്ട് പോകാതിരിക്കാനാണ് വെല്‍ഫയര്‍ പാര്‍ട്ടിയുമായും എസ്.ഡി.പി.ഐയുമായും ലീഗും സഖ്യത്തിന് ശ്രമിച്ചിരിക്കുന്നത്. മലബാറിലാകെ ഈ സഖ്യം ഗുണം ചെയ്യുമെന്നാണ് ലീഗിന്റെ അവകാശവാദം. എന്നാല്‍ സഖ്യമല്ല, ഈ പാര്‍ട്ടികളുമായി രഹസ്യധാരണ ഉണ്ടാക്കിയാല്‍ പോലും ഉള്ള സീറ്റുകള്‍ പോലും പോകുമെന്ന ഭീതിയാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനിപ്പോള്‍ ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ