എറണാകുളത്ത് വീണ്ടും വ്യാജ ഡോക്ടര്‍ പിടിയില്‍; നേരത്തെ പിടിയിലായ സംഗീതയുടെയും സൂര്യോദയ അജയ് രാജയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപോലെ!

കൊച്ചി: എറണാകുളത്ത് വീണ്ടും വ്യാജ ഡോക്ടര്‍ പിടിയില്‍. മൂന്നു മാസമായി മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന കൊട്ടാരക്കര പുത്തൂര്‍ സൂര്യോദയ അജയ് രാജാണ്(33) പിടിയിലായത്. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലുവ കോമ്പാറ മരിയ ക്ലിനിക്കില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു വന്ന സംഗീതാ ബാലകൃഷ്ണന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ സൂര്യോദയ അജയ് രാജിയുടെയും സമാനമാണ്.

ആയുര്‍വേദത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ ശേഷം അലോപ്പതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചാണ് ഇയാള്‍ രോഗികളെ ചികിത്സിച്ചിരുന്നത്. ഇരുവരുടെയും സര്‍ട്ടിഫിക്കറ്റ് ഒരുപോലെ ആയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.