സുഹൃത്തിനെ കൊലപ്പെടുത്തിയത് വാര്‍ത്തയിലൂടെ പ്രശസ്തനായതിന്; കൊച്ചിയിലെ കൊലക്കേസില്‍ പ്രതി അറസ്റ്റില്‍

crime in abdul kalam marg cochin

കൊച്ചി: മാധ്യമ വാര്‍ത്തയിലൂടെ പ്രശസ്തി കൈവന്ന കൂട്ടുകാരനെ അസൂയ മൂത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മറൈന്‍ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗില്‍ അബ്ദുള്‍ കലാമിന്റെ പ്രതിമയ്ക്കു മുന്നില്‍ പൂക്കള്‍വെച്ച് അലങ്കരിച്ചിരുന്ന കോയിവിള പുതുപ്പര വടക്കേതില്‍ ശിവദാസിനെ (63) യാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഴിക്കര സ്വദേശി കൈത്തപ്പിള്ളിപ്പറമ്പില്‍ രാജേഷിനെ (40) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ ആക്രി പെറുക്കി ജീവിച്ചിരുന്ന ശിവദാസന്‍ അവിടെത്തന്നെയാണ് കഴിഞ്ഞിരുന്നത്.

ഈ മാസം 15-ന് രാത്രി അര്‍ധരാത്രിയാണ് ശിവദാസിനെ എറണാകുളം മറൈന്‍ഡ്രൈവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്.

പോലീസ് നടത്തിയ ഇന്‍ക്വസ്റ്റിലും തുടര്‍ന്നു ലഭിച്ച പോസ്റ്റ്‌മോര്‍ട്ടത്തിലും മരണം മര്‍ദനമേറ്റാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് പോലീസ് പരിസരത്തെ ആളുകളുടെ മൊഴിയെടുത്തു. ഇതില്‍ രാജേഷിന് ശിവദാസിനോട് അസൂയയാണെന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. മദ്യപിച്ചു വന്ന് രാജേഷ് ശിവദാസിനെ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്നും ഇവര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് രാജേഷിനെ മറൈന്‍ഡ്രൈവ് വാക്വേയില്‍ നിന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ രാജേഷ് കുറ്റം സമ്മതിച്ചു. എറണാകുളം മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ പൂക്കള്‍വെച്ച് അലങ്കരിക്കുന്ന ശിവദാസിനെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്ന് പ്രശസ്തി നേടിയതിലുള്ള അസൂയയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചു. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നു.

പ്രശസ്തി ലഭിച്ചതോടെ ശിവദാസിന് നിരവധി പേര്‍ സഹായവുമായി എത്തിയിരുന്നു. എന്നാല്‍ താനായിരുന്നു ശിവദാസിന് എല്ലാ സഹായവും ചെയ്ത് കൂടെ നിന്നതെന്നും എന്നാല്‍ പ്രശസ്തി ലഭിച്ച ശേഷം ഇയാള്‍ വകവെച്ചിരുന്നില്ലെന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും കൊലപാതകം നടത്തുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി ഭിന്നശേഷിക്കാരനാണ്.

എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ നിര്‍ദേശാനുസരണം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ജി. വിപിന്‍കുമാര്‍, കെ.എക്‌സ്. തോമസ്, കെ.കെ. പ്രദീപ് കുമാര്‍, ടി.എസ്. ജോസഫ്, സതീശന്‍, എസ്.ടി. അരുള്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.