ജെ.ഡി.എസ് പിളരുന്നു; സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ടത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് സി.കെ നാണു പക്ഷം

jds kerala

തിരുവനന്തപുരം: ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍-എസ് (ജെ.ഡി.എസ്)ല്‍ പിളര്‍പ്പിലേക്ക്. പാര്‍ട്ടി സംസ്ഥാന ഘടനം പിരിച്ചുവിട്ട കേന്ദ്ര നേതൃത്വത്തിന്റെ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധവും അസാധുവുമാണെന്ന് സി.കെ നാണു എം.എല്‍.എ അധ്യക്ഷനായ ഘടകം വിളിച്ച യോഗത്തിലെ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട നടപടി നിലനില്‍ക്കില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ജനതാദള്‍ എന്ന പാര്‍ട്ടിയുടെ നയത്തോട് യോജിക്കുന്നതല്ല. ദേശീയാധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി ബന്ധം തുടരില്ലെന്ന് സി.കെ നാണു വിഭാഗം വ്യക്തമാക്കി. യോഗത്തില്‍ മാത്യു ടി.തോമസിനു നേര്‍ക്കും വിമര്‍ശനമുയര്‍ന്നു. മുന്നണി യോഗത്തില്‍ നട്ടെല്ല് നിവര്‍ന്നിരിക്കാനാവില്ലെന്നാണ് വിമര്‍ശനം. പാര്‍ട്ടി പിളരുന്നതും പ്രത്യേക വിഭാഗമായി മാറുന്നതും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് വന്നേക്കും.

സി.കെ. നാണു പ്രസിഡന്റായി പ്രവര്‍ത്തിച്ചു വന്ന കേരള സംസ്ഥാന കമ്മിറ്റി എച്ച്.ഡി. ദേവെഗൗഡ രണ്ടു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മാത്യു ടി. തോമസ് പ്രസിഡന്റായി പുതിയ കമ്മിറ്റിയെയും നിയമിച്ചു. നാണു പ്രസിഡന്റായിരിക്കെ സംഘടനയ്ക്കുള്ളില്‍ നടത്തിയ ചില വെട്ടിനിരത്തലുകള്‍ പരാതിയായി ദേശീയ നേതൃത്വത്തിനു മുന്നിലെത്തിയതിനെത്തുടര്‍ന്നായിരുന്നു നേതൃമാറ്റം. നാണു നിയോഗിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്, ജനറല്‍ സെക്രട്ടറി മാത്യു ജോണ്‍ തുടങ്ങിയവര്‍ക്കെതിരേയും ദേശീയ നേതൃത്വം അച്ചടക്ക നടപടിയെടുത്തതോടെ വിമതപക്ഷം ഇന്നു തിരുവനന്തപുരത്ത് സമാന്തരമായി സംസ്ഥാന കൗണ്‍സില്‍ യോഗം നടത്തുകയാണ്. ഈ യോഗത്തില്‍ ജനതാദള്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിക്കാനാണ് ആലോചന. തുടര്‍ന്ന് ഒരു പ്രാദേശിക പാര്‍ട്ടിയും പ്രഖ്യാപിച്ചേക്കും.

ഇതിനിടെ മുന്‍ എം.പി: തമ്പാന്‍ തോമസ് രൂപീകരിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ യു.ഡി.എഫ്. വിഭാഗം എന്നിവരെ കൂടി നാണുവിഭാഗം രൂപം നല്‍കുന്ന പുതിയ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ വിമത വിഭാഗം ചര്‍ച്ച നടത്തിവരികയാണ്. ആ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇപ്പോള്‍ എല്‍.ഡി.എഫിലുള്ള എല്‍.ജെ.ഡിയുമായി ലയിക്കാനുള്ള സാധ്യതയും നേതാക്കള്‍ ആരായുന്നുണ്ട്. അതിനു സാധിക്കാത്ത പക്ഷം യു. ഡി.എഫുമായി ചര്‍ച്ചകള്‍ നടത്താമെന്നുമാണ് വിമത നേതാക്കള്‍ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം.

സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി വിവിധ ജില്ലകളിലും ഈ വിഭാഗം കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയിരുന്നു. ആലപ്പുഴയില്‍ കൂടിയ യോഗത്തില്‍ ജില്ലയിലെ ഭൂരിപക്ഷം സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തതായി വിമതപക്ഷത്തുള്ള പാര്‍ട്ടിയുടെ ഒരു മുന്‍ സംസ്ഥാന ഭാരവാഹി അവകാശപ്പെട്ടു. എന്നാല്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മുതിര്‍ന്ന നേതാക്കളായ നീലലോഹിതദാസ്, ജോസ് തെറ്റയില്‍, എന്‍.എം. ജോസഫ് ,ജമീല പ്രകാശം തുടങ്ങിയവരൊക്കെ ഔദ്യോഗിക പക്ഷത്താണ്. 14 ജില്ലാ പ്രസിഡന്റുമാരും മാത്യു.ടി. തോമസിനൊപ്പമാണ്.

English Summary : CK Nanu has complained that the dissolution of the party committee is against the constitution and CK Nanu faction calls state council meeting, subsequently after he has been replaced as party state president. State council meeting of different factions are being held in various locations across the state.