കോടതികളിലെ ലോക്കറുകളില്‍ കോടികളുടെ നോട്ടുകെട്ടുകള്‍

തൊണ്ടിമുതലായ 500/1000 നോട്ടുകെട്ടുകള്‍ മാറ്റിയെടുക്കാന്‍ സംവിധാനമില്ല

പ്രകാശ് കുമാര്‍ കറുകച്ചാല്‍

കൊച്ചി:സംസ്ഥാനത്തെ വിവിധ കോടതികളിലെ ലോക്കറുകളില്‍ കോടിക്കണക്കിന് രൂപയുടെ അസാധുവായ നോട്ടുകെട്ടുകള്‍. തൊണ്ടിമുതലായും റെയിഡിലൂടെയും പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കോടതിയും പോലീസും. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ 90 ശതമാനവും 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാണ്.
കുഴല്‍പ്പണ വേട്ടയിലുടെ റവന്യു ഇന്റലിജെന്‍സും, പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും പിടികൂടിയ നോട്ടുകളാണ് വിവിധ കോടതി കളിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.
കേസുകള്‍ തീര്‍പ്പാക്കുന്ന മുറയ്ക്ക് പിഴ ഈടാക്കി ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്ന പതിവാണുള്ളത്. ഡിസംബര്‍ 30ന് ഇത്തരത്തിലുള്ള കേസുകള്‍ പൂര്‍ണമായി തീര്‍പ്പാകാനിടയില്ല. അങ്ങനെ വരുമ്പോള്‍
കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന അസാധുവായ നോട്ടുകെട്ടുകളുടെ അവസ്ഥ എന്താകുമെന്നോര്‍ത്ത് ഉത്കണ്ഠപ്പെടുന്നവരുണ്ട്. മോഷണക്കേസിലും തട്ടിപ്പിടപാടിലുമായി പൊലീസ് പിടിച്ചെടുത്ത പണമാണ് കോടതിയില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ ഭുരിപക്ഷവും. ഇവ ഡിസംബര്‍ 30 ന് മുമ്പ് ബാങ്കിലെത്തിച്ച് മാറിയില്ലെങ്കില്‍ ഉടമസ്ഥന്‍ കണ്ണീരും കൈയ്യുമായി കഴിയേണ്ടി വരും. ഇതിനായി സര്‍ക്കാരോ കോടതിയൊ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടി വരും.
ശാസ്ത്രീയമായ തെളിവിനും മറ്റുമായി പിടിച്ചെടുത്ത പണവും കോടതികളിലുണ്ട്. കൂടാതെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ട്രാപ്പ് കേസിലും മറ്റുമായി തെളിവായി പിടിച്ചെടുത്ത നോട്ടുകെട്ടുകളും കോടതികളുടെ സ്‌ട്രോങ് റൂമുകളിലിരിപ്പുണ്ട്.
പത്തും ഇരുപത്തും വര്‍ഷം പഴക്കമുള്ള ഇത്തരം കേസുകള്‍ കോടതികളിലുണ്ട്. നടപടി ക്രമങ്ങള്‍ എത്ര വേഗത്തിലാക്കിയാലും തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളെ രക്ഷിക്കാന്‍ കോടതിയും കേന്ദ്ര സര്‍ക്കാരും എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.