തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍; ആര്യ രാജേന്ദ്രന്‍ സ്വന്തമാക്കുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി

തിരുവനന്തപുരം: ഇരുപത്തിയൊന്നു വയസ്സുകാരിയായ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാകും. ചുമതല ഏറ്റെടുക്കുന്നതോടെ മേയറാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂര്‍വത കൂടിയാണ് ആര്യ സ്വന്തമാക്കുന്നത്. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്യ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. ഓള്‍ സെയിന്റ്‌സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയാണ്.

2019 ലെ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയിലെ ജവഹര്‍ നഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍റായ മേഖല കാവ്യ ആയിരുന്നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. ഇരുപത്തിയാറാം വയസിലാണ് കാവ്യ മേയര്‍ പദവിയിലെത്തിയത്. കാവ്യയുടെ ഈ റെക്കോഡാണ് തിരുവനന്തപുരം മേയര്‍ പദവിയില്‍ എത്തുന്നതോടെ ആര്യ രാജേന്ദ്രന്‍ തകര്‍ക്കുന്നത്.

മേഖല കാവ്യ

ആള്‍ സെയിന്റ്‌സ് കോളേജിലെ ബി എസ് സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.

തിരുവനന്തപുരത്ത് മുതിര്‍ന്ന സി.പി.എം പ്രതിനിധിയായ  ജമീല ശ്രീധര്‍ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്ക്കായിരുന്നു.

കോര്‍പറേഷനിലെ യുവ നേതൃമുഖം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തല്‍. നേരത്തെ യുവാക്കളുടെ പ്രതിനിധിയായി വി കെ പ്രശാന്തിനെ മേയറാക്കിയും സി.പി.എം മാതൃക കാട്ടിയിരുന്നു.