സി.പി.എം മന്ത്രിമാരുടെ വിമര്‍ശനം; സി.പി.ഐ നിലപാട് കടുപ്പിക്കും

സി.പി.ഐ മന്ത്രിമാരെ പരസ്യമായി സി.പി.എം വിമര്‍ശിക്കുന്നതില്‍ അമര്‍ഷം 

മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ നിലപാടെടുത്ത സി.പി.ഐ നേതാക്കളോട് രൂക്ഷമായി സി.പി.എം പ്രതികരിച്ചത് ചര്‍ച്ചയാകും 

ഇടതുമുന്നണിയോഗത്തില്‍ ഈ വിഷയം സി.പി.ഐ ഉന്നയിക്കും 

സി.പി.ഐ മന്ത്രിമാരെ പൊതുവേദിയില്‍ വിമര്‍ശിക്കുന്ന സി.പി.എം മന്ത്രിമാരുടെ നടപടിയില്‍ പാര്‍ട്ടിയ്ക്ക് അമര്‍ഷം. ഇന്നു ചേരുന്ന സി.പി.ഐ നേതൃയോഗം ഈ വിഷയം ചര്‍ച്ച ചെയ്യും.

തങ്ങളുടെ മന്ത്രിമാര്‍ മണ്ടന്മാരാണെന്ന് പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച എം.എം. മണിയുടെ നടപടിയാണ് സി.പി.ഐയെ ഏറെ ചൊടിപ്പിച്ചത്. മുന്നണി മര്യാദ പാലിക്കാതെയുള്ള സി.പി.എം മന്ത്രിമാരുടെ ഇത്തരം നടപടികളെ പാര്‍ട്ടി നേതൃത്വം തിരുത്തണം. അല്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന അഭിപ്രായമാണ്  സി.പി.ഐയിലെ ഭൂരിഭാഗം പേര്‍ക്കുമുളളത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് സി.പി.ഐ മന്ത്രിമാര്‍ തടസ്സം നില്‍ക്കുന്നുവെന്ന് മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയിലും സി.പി.ഐയ്ക്ക് പ്രതിഷേധമുണ്ട്.

ജനുവരി 2, 3, 4 ദിവസങ്ങളില്‍ ചേരുന്ന സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. ഈയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിലും സി.പി.ഐ ഈ വിഷയം ഉന്നയിക്കാനാണ് സാധ്യത. ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കുമെതിരെ സി.പി.ഐ പൊതുവേദിയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മാവോയിസ്്റ്റ് വേട്ടയുടെ പേരിലും ഈ അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. മാവോയിസ്റ്റ് വേട്ടക്കെതിരെ നിലപാടെടുത്ത ബിനോയ് വിശ്വത്തിനെതിരെ കടുത്ത ഭാഷയിലാണ് സി.പി.എം നേതാക്കള്‍ പ്രതികരിച്ചത്. ഇടതുമുന്നണിയിലെ പ്രമുഖ രണ്ട് കക്ഷികള്‍ തമ്മിലുള്ള ഈ ശീതസമരം വരും ദിവസങ്ങളില്‍ പിണറായി സര്‍ക്കാരിന് ഏറെ തലവേദനയാകും.