എം.എല്‍.എക്കെതിരെ കേസ് കൊടുത്ത വക്കീലിന്റെ വീട്ടില്‍ മോഷണം

ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്ജിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയ അഭിഭാഷകന്റെ കമ്പ്യൂട്ടര്‍ മോഷ്ടിച്ചു.

കേസിന്റെ വിവരങ്ങള്‍ അടങ്ങിയ സി.പി.യു മോഷണം പോയി. 

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണം.

വീണ ജോര്‍ജ് എം.എല്‍.എക്കെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയ ഡി.സി.സി സെക്രട്ടറിയുടെ വീട്ടില്‍ മോഷണം. കേസുകളുടെ രേഖകള്‍ അടങ്ങിയ കമ്പ്യൂട്ടര്‍, സി.പി.യു ചില അനുബന്ധ രേഖകളുമാണ് കള്ളന്‍ മോഷ്ടിച്ചതെന്ന് അഡ്വ. വി.ആര്‍. സോജി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

കഴിഞ്ഞ മാസം 24-ന് പട്ടാപ്പകലായിരുന്നു മോഷണം. പ്രായം ചെന്ന പിതാവ് മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പന്തളം പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് വിരലടയാള വിദഗ്ദ്ധന്‍ സംഭവ സ്ഥലത്ത് വന്നെങ്കിലും സംശയാസ്പദമായ വിരലടയാളങ്ങളൊന്നും കിട്ടിയില്ല. മോഷണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിന് എതിരായ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയതു മുതല്‍ തനിക്കും കേസിലെ സാക്ഷികള്‍ക്കും ഭീഷണിയുണ്ടെന്ന് സോജി ആരോപിച്ചു. പുല്ലാട് സ്വദേശി ജോസഫ്, ഉള്ളന്നൂര്‍ സ്വദേശി ബാബു എന്നിവരാണ് ഹൈക്കോടതിയില്‍ സാക്ഷി പറഞ്ഞത്. ഇവരെ പലരും ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നുണ്ട്. ബാബുവിന്റെ സഹോദരന്‍ ചട്ടങ്ങളെല്ലാം പാലിച്ച് വീടിന് കാര്‍പോര്‍ച്ച് നിര്‍മ്മിക്കാനുള്ള ശ്രമം പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എത്തി തടഞ്ഞു. റോഡില്‍ നിന്നുള്ള ദൂരപരിധി പാലിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു തടസ്സം സൃഷ്ടിച്ചത്. രേഖകളെല്ലാം കാണിച്ചപ്പോള്‍ എം.എല്‍.എ പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് അദ്ദേഹം വീട്ടുകാരോട് പറഞ്ഞു. മതമേലധ്യക്ഷന്മാര്‍ വരെ സാക്ഷികളെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സോജി ആരോപിച്ചു. വീണാജോര്‍ജിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസില്‍ വാദം തുടരുകയാണ്.