സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായി; കൊച്ചിയിലെത്തിയത് നിയമസഭയുടെ വാഹനത്തിൽ

കൊച്ചി: മൂന്നു ദിവസം നീണ്ടു നിന്ന വാക്പോരിനു പിന്നാലെ സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി
കെ.അയ്യപ്പൻ കസ്റ്റംസിന് മുന്നിലെത്തി. ഇന്ന് പുലർച്ചെ നിയമസഭയുടെ ഔദ്യോഗിക വാഹനത്തിലാണ് അയ്യപ്പൻ കൊച്ചിയിലെത്തിയത്. സർക്കാർ അതിഥിമന്ദിരത്തിൽ വിശ്രമിച്ച ശേഷം രാവിലെ ഒൻപതരയോടെ ഓട്ടോറിക്ഷയിൽ കസ്റ്റംസ് ഓഫിസിലെത്തി. ഓടിക്കൂടിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ എത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നില്ല.

ഈ മാസം അഞ്ചിനാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ആദ്യം വിളിച്ചത്. എന്നാൽ വിളി ഫോണിലാണെന്ന കാരണം പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞുമാറി. ഇതേത്തുടർന്ന് അന്നു വൈകിട്ട് തന്നെ ഇമെയിൽ വഴി കസ്റ്റംസ് നോട്ടീസ്  അയച്ചു. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ ജോലിതിരക്കുണ്ടെന്നാന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. കൂടാതെ സ്പീക്കറുടെ ഓഫിസിലെ ഉദ്യോഗസ്ഥനും നിയമസഭയുടെ പരിരക്ഷയുണ്ടെന്നും കസ്റ്റംസിനെ അറിയിച്ചു. സ്പീക്കറുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയൂ എന്ന നിയമപ്രശ്നവും ഉന്നയിച്ച് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തും നൽകി.

എന്നാൽ നിയമസഭാ സെക്രട്ടറിയുടെ കത്തിനോട് രൂക്ഷമായ ഭാഷയിലാണ് കസ്റ്റംസ് പ്രതികരിച്ചത്. നിയമസഭാ ചട്ടം165, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നതായിരുന്നു കസ്റ്റംസ് നൽകിയ മറുപടി നൽകി.നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് നോട്ടീസ് നല്കിയത്. ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഇത് ആവശ്യമുള്ളൂ. പൊതു താല്പര്യപ്രകാരം ആയിരുന്നു ഇ മെയിലിൽ മുഖേന അയ്യപ്പനു നോട്ടീസ് നൽകിയത്. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്നും ഇത്തരം ഒരു കത്ത് പ്രതീക്ഷിച്ചില്ലെന്നും സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സംരക്ഷിക്കുന്നതിനാണ് മറുപടിക്കത്തെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.