നിയമസഭ തെരഞ്ഞെടുപ്പിൽ ജോൺ ബ്രിട്ടാസും സ്ഥാനാർഥിയാകുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്‌ടാവ് ജോൺ ബ്രിട്ടാസ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. സ്വദേശമായ കണ്ണൂലെ സുരക്ഷിത മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകരായ നികേഷ് കുമാറിനേയും വീണ ജോർജിനേയും സി.പി.എം സ്ഥാനാർഥികളാക്കിയിരുന്നു. ഇത്തവണയും പൊതുസമ്മതരായവരെ സ്ഥാനാർഥികളാക്കുമെന്ന വാർത്തകൾക്കിടെയാണ് ജോൺ ബ്രിട്ടാസിന്റെ പേരും പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.

ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് വർഷങ്ങളായി പാർട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്‌ടറും എഡിറ്ററും കൂടിയാണ്. വർഷങ്ങൾക്ക് മുമ്പ് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ബ്രിട്ടാസിന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും പിന്നീടത് നടന്നില്ല. ജോൺ ബ്രിട്ടാസ് മത്സരിക്കണമോയെന്ന കാര്യത്തിൽ പിണറായി വിജയന്റെ നിലപാട് നിർണായകമാകും.