മുരളീധരനും കുമ്മനവുംതലസ്ഥാനത്ത്; മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

    തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നിരയെ ഇറക്കി തലസ്ഥാനത്ത് വിജയക്കൊടി നാട്ടാന്‍ ബി ജെ പി നീക്കം. കഴക്കൂട്ടം മണ്ഡലത്തിലാണ് വി മുരളീധരന്‍ മത്സരിക്കുക.സംസ്ഥാനത്ത് ആദ്യമായി ബി ജെ പിക്ക് എംഎല്‍എയെ ലഭിച്ച നേമം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ എം എല്‍ എ ഒ രാജഗോപാലിനോട് കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് വിവരം.                                 തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ സിനിമാ താരവും എം പിയുമായ സുരേഷ് ഗോപിയെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് എം എസ് കുമാറിനെ സമീപിച്ചെങ്കിലും അനാരോഗ്യം വ്യക്തമാക്കി അദ്ദേഹവും പിന്മാറിയതായി അറിയുന്നു. അങ്ങനെയെങ്കില്‍ ഒരു പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.