മുന്‍ PSC ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അധിക ആനുകൂല്യം തിരിച്ചു പിടിക്കുമെന്ന് മന്ത്രിസഭാ യോഗം

    തിരുവനന്തപുരം: പി എസ് സി മുന്‍ ചെയര്‍മാനും ബി ജെ പി നേതാവുമായ ഡോ. കെ എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളാണ് തിരിച്ചെടുക്കുന്നത്. വന്‍തുക ഡോ.രാധാകൃഷ്ണന്‍ തിരിച്ചടക്കേണ്ടി വരും.

    2011 മുതല്‍ 2016 വരെ പി എസ് സി ചെയര്‍മാനായിരുന്നു ഡോ.കെ.എസ്.രാധാകൃഷ്ണന്‍. അതിനു മുന്‍പ് സംസ്‌കൃത സര്‍വകലാശാലയിലെ റീഡറും. പി എസ് സി ചെയര്‍മാന്‍ എന്ന നിലയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണം എന്നാവശ്യപ്പെട്ട് കെ എസ് രാധാകൃഷ്ണന്‍ 2013 ല്‍ സര്‍ക്കാരിനെ സമീപിച്ചു.

    2013 മാര്‍ച്ച് 31 ലെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനവുമെടുത്തു. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കൊച്ചി ഇടപ്പള്ളി സ്വദേശി പി എ ആന്റണി മുന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ ധനവകുപ്പിന്റേയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടി.

    ഈ ഉപദേശം പരിഗണിച്ചാണ് അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ റീഡറായിരുന്നപ്പോഴുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകണം പെന്‍ഷന്‍ കണക്കാക്കേണ്ടത് എന്നായിരുന്നു നിയമോപദേശം.

    23,3 18 രൂപ പെന്‍ഷന്‍ നല്‍കേണ്ടിടത്ത് 48,546 രൂപയും ഏഴ് ലക്ഷം ഗ്രാറ്റ്വിറ്റി നല്‍കേണ്ടതിനു പകരം 14 ലക്ഷവും രാധാകൃഷ്ണനു ലഭിച്ചു. 13, 12,8 69 രൂപയായിരുന്നു കമ്മ്യൂട്ടേഷന്‍ അര്‍ഹത . ഡോ. കെ എസ് രാധാകൃഷ്ണന് ലഭിച്ചത് 16, 78,842 രൂപയായിരുന്നെന്നും ധനവകുപ്പ് കണ്ടെത്തി. അധികമായി വാങ്ങിയെടുത്ത ഈ തുകയാണ് തിരിച്ചുപിടിക്കുന്നത്.