സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാര്‍

40 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത് 

സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നും 40 ലക്ഷം ഇന്ത്യക്കാര്‍ ഇവിടെ വസിക്കുന്നുണ്ടെന്നും ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്. നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അംബാസിഡര്‍. സൗദിയിലെ എല്ലാ മേഖലയിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ടെന്നും സൗദിയും ഇന്ത്യയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014-2015 കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 39 ബില്യന്‍ ഡോളറിന്റെ വാണിജ്യ ഇടപാടാണ് നടന്നത്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത് അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമാണ്. പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. ഇതുമൂലം ഭീകരതയ്‌ക്കെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ചു നില്‍ക്കാനും കഴിയുന്നു. കൂടാതെ ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സഹകരണമാണ് കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംബസിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി റിയാദ്, ജിദ്ദ, ദമാം, ബുറൈദ, ജുബൈല്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 10 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.