അസാധുനോട്ട്‌ മാറാന്‍ പ്രവാസികള്‍ ഏറെ വിയര്‍ക്കും

പ്രവാസി മലയാളികള്‍ അസാധുവാക്കിയ നോട്ട് മാറാന്‍ ഏറെ പാടുപെടും

മിണ്ടാട്ടമില്ലാതെ ബിജെപി സംസ്ഥാനഘടകം.

രാജ്യത്ത് മുബൈ,ഡല്‍ഹി,ചെന്നൈ,കൊല്‍ക്കത്ത,നാഗ്പൂര്‍ തുടങ്ങിയ ആര്‍ബിഐ ഓഫീസുകളിലാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സൗകര്യം ഇപ്പോള്‍ ഉള്ളത്. ലക്ഷകണക്കിന് മലയാളികള്‍ പ്രവാസികളായിട്ടും ആര്‍ബിഐയുടെ തിരുവനന്തപുരം, കൊച്ചി റീജണല്‍ ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അധികാരം നല്‍കിയിട്ടില്ല. പ്രവാസികളില്‍ പലരും നാട്ടിലേക്ക് വരുന്നത് കഷ്ടിച്ച് ഒരു മാസത്തെ അവധിയുമായിട്ടായിരിക്കും.

ഇതിനിടയില്‍ പഴയ നോട്ട് മാറാന്‍ ഈ സ്ഥലങ്ങളിലേക്കുളള യാത്ര സാധ്യമല്ലെന്നാണ് പല പ്രവാസികളും പറയുന്നത്. കൈവശമുള്ള പഴയ 1000, 500 രൂപ നോട്ടുകള്‍ മാറ്റാന്‍ പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ സമയം നല്‍കിയിരിക്കുന്നത്. ഒരാള്‍ക്ക് പരമാവധി 25,000 രൂപ വരെയെ മാറാനൂകൂ. ഇതിനായി ഈ തിരഞ്ഞെടുത്ത കൗണ്ടറുകളിലേക്കുള്ള യാത്രചെലവിനും അത്രതന്നെ തുക ആവശ്യമായി വരും. ഇത് കൂടാതെ തുക മാറാനുള്ള നടപടിക്രമങ്ങളും ഏറെ കടമ്പകള്‍ നിറഞ്ഞതാണ്. 2016 നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്ത് ഇല്ലാത്തവരായിരിക്കണം. ഇത് തെളിയിക്കാനായി എമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും സമര്‍പ്പിക്കണം.

വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധു നോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തി സ്ലിപ്പ് കൈപ്പറ്റണം. പിന്നീട് റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ ഈ സ്ലിപ്പിനോടൊപ്പം സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. ഒരു ബാങ്ക് അക്കൗണ്ടിലൂടെയും നേരത്തെ പണം മാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എല്ലാ അക്കൗണ്ടുകളുടെയും സ്റ്റേറ്റ്‌മെന്റ് ഹാജരാക്കണം.

പാന്‍ കാര്‍ഡ് കോപ്പി അല്ലങ്കില്‍ ഫോം 60 പൂരിപ്പിച്ചതും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇവയെല്ലാം ഉണ്ടെങ്കില്‍ പരിശോധിക്കാനാവശ്യമായ സാവകാശം കഴിഞ്ഞ് മാത്രമേ കെ.വൈ.സി മാനദണ്ഡങ്ങള്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുകയുള്ളൂ. ഇനി ഈ നടപടി ക്രമങ്ങളില്‍ പാളിച്ചകളുണ്ടാകുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ അര ലക്ഷം രൂപയോളം പിഴയടക്കേണ്ടിയും വരും. ഫലത്തില്‍ പ്രവാസികളുടെ കൈയിലിരിക്കുന്ന നോട്ടുകള്‍ ചരിത്രത്തിന്റെ ഓര്‍മ്മപെടുത്തലായി കൈയില്‍ സൂക്ഷിക്കുന്നതാവും ലാഭകരം. നേപ്പാള്‍, ഭൂട്ടാന്‍,പാകിസ്ഥാന്‍,ബഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഇതൊന്നും സാധ്യമേ അല്ല.

ഇത്രയും ദുരിതങ്ങള്‍ വിദേശത്തുള്ള മലയാളികള്‍ക്ക് ഉണ്ടായിട്ടും ബിജെപി സംസ്ഥാന ഘടകം ഇതിനെതിരെ ഒരു വാക്കു പോലും പ്രതികരിച്ചിട്ടില്ല. അല്ലേലും പ്രധാനമന്ത്രിയുടെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ മിണ്ടാതെ പങ്കെടുക്കുകയേ ഇവിടത്തെ നേതൃത്വത്തിന് സാധിക്കുകയുള്ളൂ. എന്നാല്‍ പാര്‍ട്ടി ഫണ്ട് പിരിവിനായി വിദേശത്തേക്ക് പറന്ന് ചെന്ന് അവിടെയുള്ള മലയാളികളുടെ സമ്പാദ്യത്തിന്റെ പങ്ക് പറ്റിയത് കേരളത്തിലെ ബിജെപി നേതൃത്വം ഒന്ന് ഓര്‍ക്കണമെന്നാണ് പ്രവാസികളായ പല മലയാളി സംഘടനകളും ആവശ്യപ്പെടുന്നത്.