വൃദ്ധയായ അമ്മയെ ദിവസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് നാടു കാണാന്‍ പോയ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭക്ഷണവും വെള്ളവും കിട്ടാതെ വീടിനുള്ളില്‍ കഴിയുകയായിരുന്ന വൃദ്ധയുടെ അവസ്ഥയെ കുറിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് എത്തി വൃദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു.
കട്ടിലില്‍ നിന്ന് നിലത്തുവീണ് അവശനിലയില്‍ കിടന്ന രത്നമ്മ ജലപാനം നടത്തിയിട്ട് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. നാട്ടുകാരും പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ മറയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മക്കളുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ യാത്രയിലാണെന്നും മൂന്നു ദിവസങ്ങള്‍ കൂടി കഴിഞ്ഞേ എത്തുകയുള്ളൂവെന്നും ആയിരുന്നു മറുപടി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വൃദ്ധ മാതാവിനെ ഭക്ഷണം വെള്ളവും കൊടുക്കാതെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതിന് മകള്‍ ലിദിയമ്മ, ഭര്‍ത്താവ് ജസ്റ്റിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.