ദ പ്രീസ്റ്റിന്റെ സസ്‌പെന്‍സ് പൊളിച്ച് മമ്മൂട്ടി, കയ്യീന്ന് പോയെന്നു മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന’ ദ പ്രീസ്റ്റ്’ ഇന്ന് തിയെറ്ററുകളിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

ഇതിനിടെ മമ്മൂട്ടിക്ക് പറ്റിയ ഒരു അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിനിമയിലെ ഒരു സസ്‌പെന്‍സ് അറിയാതെ മെഗാ സ്റ്റാറിന്റെ വായില്‍ നിന്നും പുറത്തു വരുകയായിരുന്നു. പ്രസ് മീറ്റില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവത്തെ കുറിച്ച് മമ്മൂട്ടിയോടുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ‘സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഞങ്ങള്‍ ഒരു സീനിലേയുള്ളൂ, അതൊരു വലിയ സീനാണ്’. എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് താരത്തിന് അബദ്ധം പറ്റിയത് മനസിലായത്. ഇത് പറയേണ്ട അല്ലേയെന്ന് മഞ്ജുവിനോടായി മമ്മൂട്ടി ചോദിച്ചു. കൈയ്യീന്ന് പോയല്ലോയെന്ന് ആന്റോ ജോസഫിനോടായും പറഞ്ഞു. അത് കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച് കയറാമെന്ന് ആന്റോ ജോസഫ് മറുപടി നല്‍കി.

മൂന്നു മണിക്കൂറെടുത്തായിരുന്നു മമ്മൂട്ടിയോട് കഥ പറഞ്ഞത്. നായകന്‍ മമ്മൂട്ടിയാണെന്നറിഞ്ഞതോടെ മഞ്ജു വാര്യര്‍ ചിത്രത്തിന് ഓക്കേ പറയുകയായിരുന്നുവെന്ന് സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയായ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ 225 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ‘കൈതി’ ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡും, ലോക്ഡൗണും മൂലം ഷൂട്ടിങ് നീണ്ടു. ഒടുവില്‍ കഴിഞ്ഞമാസമാണ് പ്രീസ്റ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.