സിനിമാ സമരത്തിനിടയിലും ഭൈരവയെത്തി

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സമരം കടുക്കുമ്പോഴും ബി ക്ലാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പുതിയ സിനിമ പ്രദർശനത്തിനെത്തി. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയാണ് ഇന്ന് രാവിലെ റിലീസ് ചെയ്തത്. എ ക്ളാസ് തിയേറ്ററുകൾ സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ തുറക്കില്ല. തിയേറ്റർ കളക്ഷനിലെ തർക്കം പരിഹരിക്കാതെ തുറക്കണ്ട എന്നാണ് തീരുമാനമെന്ന് എ ക്ളാസ് തിയേറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴസ് ഫെഡറേഷന്റെ തീരുമാനം.

ബി ക്ലാസ് ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ 70 തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സർക്കാർ തിയേറ്ററുകളിലുമാണ് ഇന്ന് ഭൈരവ റിലീസ് ചെയ്തിരിക്കുന്നത്. വിനോദ് മങ്കര സംവിധാനം ചെയ്ത കാംബോജിയും ഇന്ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ തിയേറ്റർ വേണമെന്നാവശ്യപ്പെട്ട് അടുത്ത ആഴ്ചത്തേക്ക് നീട്ടി. ജയ് കെ. സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഇസ്ര അടുത്ത വ്യാഴാഴ്ച പ്രദർശനത്തിനെത്തും. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോമോന്റെ സുവിശേഷം, ഫുക്രി എന്നീ മുടങ്ങിക്കിടക്കുന്ന സിനിമകൾ തുടർന്നുള്ള ആഴ്ചകളിൽ പ്രദർശനത്തിനെത്തിക്കാനും നീക്കമുണ്ട്.