നേമത്ത് ശശി തരൂര്‍ മത്സരിക്കട്ടെ; രാഹുല്‍ ഗാന്ധിയുടെ സര്‍പ്രൈസ് നീക്കം

    നേമം നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കം. മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് ശശി തരൂര്‍ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ അഭിപ്രായം . കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ വീക്ക് മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംസ്ഥാന നേതാക്കളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

    മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളായിരുന്നു നേമത്തേക്ക് നേരത്തെ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ദേശീയ ശ്രദ്ധയുള്ള തരൂരിനെ പോലെ ഒരാള്‍ മത്സരത്തിനിറങ്ങുന്നത് ബിജെപിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സന്ദേശം നല്‍കും എന്നാണ് രാഹുലിന്റെ നിഗമനം.

    ‘രണ്ട് കാര്യങ്ങളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഒന്ന്, തരൂരിനെ രംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടിക്കുള്ളില്‍ ദശാബ്ദങ്ങള്‍ നീണ്ട എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. രണ്ട്, കേരള ഘടകത്തെ നേരിട്ട് രാഹുലിന്റെ നിയന്ത്രണത്തിലാക്കാം’ – ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

    എന്നാല്‍ തരൂരുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാത്ത സംസ്ഥാന നേതാക്കള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. തരൂരിന്റെ വരവോടെ പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങള്‍ മാറിമറിയുമെന്നതാണ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. എന്നാല്‍ എന്തു വില കൊടുത്തും ഈ തെരഞ്ഞെടുപ്പ ജയിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്.

    മുതിര്‍ന്ന നേതാക്കളായ എകെ ആന്റണിയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ അനുകൂലിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തോട് തുടക്കത്തില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന ശശി തരൂര്‍ പിന്നീട് വഴങ്ങിയെന്നും ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.