തീവെട്ടിക്കൊള്ളയ്‌ക്കൊടുവില്‍ ജയ്ഹിന്ദിന് ജപ്തി നോട്ടീസ്

ജപ്തി നോട്ടീസ് നല്‍കിയത് കോര്‍പറേഷന്‍ ബാങ്ക്

ഡയറക്ടര്‍മാരായ നേതാക്കളും വെട്ടിലാകും

പാര്‍ട്ടി സ്ഥാപനങ്ങള്‍ പാര്‍ട്ടി വിരുദ്ധരുടെ കൈകളില്‍

വീക്ഷണത്തില്‍ നിന്ന് കേള്‍ക്കുന്നതും നാണംകെട്ട വാര്‍ത്തകള്‍

-നിയാസ് കരീം-

തിരുവനന്തപുരം: തീവെട്ടികള്‍ കൈയ്യിട്ടുവാരി തിന്ന് കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി അടച്ചുപൂട്ടലിന്റെ വക്കില്‍. കോര്‍പ്പറേഷന്‍ ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍നിന്നെടുത്ത ലോണ്‍ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തിചെയ്യുമെന്നും പത്രപ്പരസ്യം നല്‍കിയതോടെയാണ് ജയ്ഹിന്ദ് ചാനലിന്റെ അടച്ചുപൂട്ടല്‍ ഉറപ്പായിരിക്കുന്നത്.

3,19,38452 (മൂന്ന് കോടി പത്തൊന്‍പത് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി നാന്നൂറ്റി അമ്പത്തിരണ്ട് രൂപ) ആണ് ചാനല്‍ കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് വായ്പയെടുത്തത്. ഈ തുക പതിനഞ്ച് ശതമാനം പലിശ ഉള്‍പ്പെടെയുള്ള കുടിശിക അറുപത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ്. നോട്ടീസ് നല്‍കിയെങ്കിലും കമ്പനിയുടെ ഭാഗത്ത്‌നിന്ന് അനുകൂല പ്രതികരണമുണ്ടാകാത്തതിനാല്‍ ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുകള്‍ പിടിച്ചെടുക്കുമെന്ന് കാട്ടി ബാങ്ക് പത്രപ്പരസ്യവും നല്‍കിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കിയാണ് ബാങ്ക് ജപ്തി നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചാനല്‍ എം.ഡിയായ എംഎം ഹസനാണ് ഒന്നാംപ്രതി. പ്രവാസി വ്യവസായിയും പ്രധാന നിക്ഷേപകനുമായ അനിയന്‍കുട്ടി, തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിപി തങ്കച്ചന്‍, തലേക്കുന്നില്‍ ബഷീര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പെഴുവിള സജീവന്‍ കൊച്ചുമ്മന്‍, കെ സുധാകരന്‍, ആര്യാടന്‍ മുഹമ്മദ്, പന്തളം സുധാകരന്‍, തോമസ് മാത്യു, വി.എം സുധീരന്‍ തുടങ്ങിയവരുടെ പേരും നോട്ടീസിലുണ്ട്. അതേസമയം ജയ്ഹിന്ദ് ടിവിക്ക് സ്വന്തമായി കെട്ടിടമോ ഭൂമിയോ ഇല്ലാത്ത സാഹചര്യത്തില്‍ ജപ്തി നടപടി തങ്ങളിലേക്ക് നീളുമോയെന്ന ഭീതിയാലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

court-notice-thewifireporter

ചാനലിന്റെ നടത്തിപ്പിലും പണപ്പിരിവിലും പ്രതിഷേധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്ന് രാജി വച്ചിരുന്നു. ചാനലിന്റെ പേരില്‍ വിദേശത്തും സ്വദേശത്തും എംഎം ഹസന്റെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തിയിരുന്നെങ്കിലും എല്ലാക്കാലത്തും ശമ്പളം പോലും നല്‍കാനാകാത്ത അവസ്ഥയിലാണ് ചാനല്‍ മുന്നോട്ട് പോയിരുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ചാനലിന്റെ തലപ്പത്തുള്ള സി.ഇ.ഒ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നിവരും അവരുടെ പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന നടത്തുന്ന തട്ടിപ്പ് സംബന്ധിച്ചും നിരവധി പരാതികളാണ് കെ.പി.സി.സിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് വിദേശത്തെ ഫണ്ട് പിരിവിന് വി.എം സുധീരന്‍ തടയിട്ടത്. ഇതോടെ സുധീരനെ പുകച്ച്ചാടിക്കാന്‍ തീവെട്ടികളൊരുക്കിയ ഗൂഡനീക്കത്തിനൊടുവില്‍ സുധീരന്‍ സ്വമേധയാ രാജിവച്ചൊഴിഞ്ഞു. സുധീരന്റെ അസാന്നിധ്യം അവസരമാക്കാന്‍ ഈ തീവെട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് കോര്‍പറേഷന്‍ ബാങ്കിന്റെ ജപ്തി നോട്ടീസെത്തിയത്.

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്നകാലത്ത് പോലും ചാനലിനെ മുഖ്യധാരയിലേക്കെത്തിക്കാനോ കമ്പനി ലാഭത്തിലാക്കാനോ ചാനല്‍ മേധാവികള്‍ ശ്രമിച്ചിരുന്നില്ല. എല്ലായിപ്പോഴും തങ്ങളുടെ കീശമാത്രം വീര്‍പ്പിക്കുകയെന്ന നയം തുടര്‍ന്നതാണ് ഇതിന് കാരണം. ചാനല്‍ ആരംഭിച്ചത് കോണ്‍ഗ്രസ് ആണെങ്കിലും പാര്‍ട്ടിക്ക് ഗുണകരമായ വാര്‍ത്തകള്‍ കൊടുക്കാനോ പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കാനോ ജയ്ഹിന്ദിന് സാധിച്ചിട്ടില്ല. അതുകൊണ്ട്തന്നെ ഭൂരിഭാഗം നേതാക്കളും ചാനലിനെ കൈയ്യൊഴിഞ്ഞ മട്ടാണ്. സി.പി.എം ആരംഭിച്ച കൈരളി ചാനലും ദേശാഭിമാനിയും ലാഭകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ജയ്ഹിന്ദ് പൂട്ടലിലേക്ക് നീങ്ങുന്നത്. ചോരനീരാക്കി പണം സമ്പാദിച്ച കോണ്‍ഗ്രസുകാരായ പ്രവാസികളെ കൊള്ളയടിച്ച് ചാനലിലെ തീവെട്ടികള്‍ തടിച്ച്‌കൊഴുത്തതൊഴിച്ചാല്‍ കോണ്‍ഗ്രസിന് പേരുദോഷമല്ലാതെ ഗുണമൊന്നും ചാനലിനെക്കൊണ്ട് ഉണ്ടായിട്ടില്ല. പാര്‍ട്ടി ചെലവില്‍ കോണ്‍ഗ്രസ് വിരുദ്ധര്‍ക്ക് ശമ്പളം കൊടുക്കുന്ന പ്രസ്ഥാനമായി ജയ്ഹിന്ദ് മാറിയെന്ന ആക്ഷേപവും പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്നു. ചാനലില്‍ ജോലി ചെയ്യുന്നവരിലേറെയും സി.പി.എം അനുകൂലികളാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വയായ വീക്ഷണം ദിനപ്പത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കഥകളാണ് കൊച്ചി ഓഫീസില്‍നിന്ന് അടുത്തിടെ ഊമക്കത്തിന്റെ രൂപത്തില്‍ പ്രചരിച്ചത്. പാര്‍ട്ടിയില്‍ പഠിപ്പും വിവരവുമുള്ള ഒട്ടേറെപ്പേരുണ്ടായിട്ടും പ്രസില്‍ ജോലിക്കെത്തിയ ആളെ പത്രാധിപരാക്കിയതാണ് വീക്ഷണത്തില്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ നയം രൂപീകരിക്കുന്ന വാര്‍ത്തകളോ സി.പി.എം- ബി.ജെ.പി വിരുദ്ധ വാര്‍ത്തകളോ വീക്ഷണത്തില്‍ വരാറില്ല. പത്രത്തെ മറയാക്കി കീശ വീര്‍പ്പിക്കുന്നതല്ലാതെ പാര്‍ട്ടിക്ക് ഗുണകരമായ ഒന്നും വീക്ഷണത്തില്‍ നടക്കുന്നില്ലെന്നതാണ് വാസ്തവം. എ.സി ജോസിന്റെ മരണത്തോടെ നാഥനില്ലാകളരിയായി വീക്ഷണവും മാറിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. പാര്‍ട്ടി ചെലവില്‍ നടന്നു പോകുന്ന പത്രത്തിലും കോണ്‍ഗ്രസ് വിരുദ്ധരാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതേസമയം പാര്‍ട്ടി ചെലവില്‍ തുടങ്ങുന്ന സ്ഥാപനങ്ങളെല്ലാം തീവെട്ടികളുടെയും പാര്‍ട്ടി വിരുദ്ധരുടെ താവളമാകുന്നതിന്റെ നിരാശയിലാണ് നേതാക്കള്‍.

Related story:

ഹസന്‍ കോടികള്‍ കബളിപ്പിച്ചെന്ന് പ്രവാസി വ്യവസായി

ജയ്ഹിന്ദ് ടി.വി കോണ്‍ഗ്രസിലെ വെള്ളാനയോ

സുധീരന്റെ രാജി ജയ്ഹിന്ദിലെ തീവെട്ടികള്‍ ആഗ്രഹിച്ചത്