ജിഷ്ണു കേസ്: ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്‌ണു പ്രണോയിയുടെ കേസ് ഗൗരവമേറിയ വിഷയമെന്നു സുപ്രീം കോടതി. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി എതിര്‍ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

ഷഹീർ ഷൗക്കത്തലി കേസിൽ കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. ജിഷ്‌ണു പ്രണോയി കേസിൽ നെഹ്‌റു ഗ്രൂപ്പ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും കോടതി നോട്ടീസയച്ചിട്ടുണ്ട്.

ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അല്ലെങ്കിൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ ഉപാധികള്‍ റദ്ദാക്കണം. ഇതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുമെന്ന് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.