മലയാളികളുടെ സ്റ്റാർട്ടപ്പിൽ 58 കോടി രൂപ അമേരിക്കൻ നിക്ഷേപം

നമീല്‍ അക്രം, കെ.വി. ജയസൂര്യന്‍, അഭിലാഷ് കൃഷ്ണ, വരുണ്‍ നെല്‍സണ്‍, അര്‍ജുന്‍ സതീഷ്

കൊച്ചി∙ ഗുഡ് മെത്തേഡ്സ് ഗ്ലോബൽ (ജിഎംജി) എന്ന അമേരിക്കൻ ഹെൽത്കെയർ സ്റ്റാർട്പ് കമ്പനി ആക്സൽ ഫണ്ടിങ്ങിലൂടെ ഫ്ലിപ് കാർട്ട്, മിന്ത്ര, ബുക്മൈഷോ തുടങ്ങിയവയുടെ നിരയിലേക്ക് ഉയരുമ്പോൾ കേരളത്തിന് അഭിമാനിക്കാം.

തിരുവനന്തപുരത്ത് ടെക്നോ പാർക്കിൽ 2015ൽ തുടങ്ങിയ ഈ ഹെൽത്കെയർ കമ്പനിയിലൂടെയാണ് യുഎസ് സിലിക്കൻവാലിയിലെ മൂലധന നിക്ഷേപസ്ഥാപനമായ ആക്സലിന്റെ നിക്ഷേപം കേരളത്തിലേക്ക് ആദ്യമായി എത്തുന്നത്. 90 ലക്ഷം അമേരിക്കൻ ഡോളറാണ് (57.8 കോടി രൂപ) ആക്സൽ പാർട്നേഴ്സ് മൂന്നു ഘട്ടമായി കമ്പനിയിൽ നിക്ഷേപിക്കുന്നത്.

രോഗികളെയും ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ക്ലൗഡ് ടെക്നോളജി ഉപയോഗിച്ചുള്ള മാനേജ്മെന്റ് പ്ലാറ്റ്ഫോമാണ് ഗുഡ്സ് മെത്തേഡ്സ് ഗ്ലോബലിന്റേത്. ദന്തരോഗ വിഭാഗത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്ലോറിഡയും ടെക്സസുമൊക്കെയാണ് കമ്പനിയുടെ പ്രധാന വിപണി.

15 അംഗ ടീമായാണ് 2015ൽ ഗുഡ്സ് മെത്തേഡ്സ് തുടങ്ങിയത്. സിഇഒ അഭിലാഷ് കൃഷ്ണയ്ക്ക് ഹെൽത് കെയർ സാങ്കേതിക വിദ്യാ രംഗത്തുണ്ടായിരുന്ന പരിചയം ആദ്യഘട്ടത്തിൽ തുണയായി. അമേരിക്കയാണ് പ്രധാന വിപണിയായി തിരഞ്ഞെടുത്തത്.

ഇപ്പോൾ 150 ജീവനക്കാരുണ്ട്. നിക്ഷേപം ലഭിക്കുന്നതോടെ 100 ജീവനക്കാരെക്കൂടി നിയമിച്ച് അമേരിക്കയിൽ ഒന്നാമതെത്തുകയാണ് ലക്ഷ്യമെന്ന് അഭിലാഷ് കൃഷ്ണ പറയുന്നു. ടെക്നോപാർക്കിലെ 17,000 ചതുരശ്രഅടി വിസ്തൃതിയുള്ള ഓഫിസിലിരുന്ന് തങ്ങള‍ുണ്ടാക്കുന്നത് രാജ്യാന്തര ഉൽപന്നമാണെന്ന് ഓപ്പറേഷൻസ് വിഭാഗം മേധാവി അർജുൻ സതീഷ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച നൂറിലേറെ കമ്പനികളിലാണ് വെഞ്ച്വർ കാപിറ്റൽ ഫണ്ടിങ് കമ്പനി ആക്സൽ പാർട്നേഴ്സ് നിക്ഷേപം നടത്തിയിട്ടുള്ളത്. രണ്ടു വർഷം കൊണ്ടു ജിഎംജിക്കുണ്ടായ വളർച്ച കണക്കിലെടുത്താണു നിക്ഷേപമെന്ന് ആക്സൽ ഇന്ത്യ പാർട്ണർ ശേഖർ കിരാനി പറഞ്ഞു.

3.5 ലക്ഷം കോടി ഡോളറിന്റെ അമേരിക്കൻ ഹെൽത് കെയർ വിപണിയിൽ ചുവടുറപ്പിച്ച ശേഷം മാത്രം ഇന്ത്യൻ വിപണിയിലേക്കു കടക്കാനാണ് ജിഎംജിയുടെ തീരുമാനം.