സുധീര നേതൃത്വത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

 

ഉപതെരഞ്ഞെടുപ്പില്‍ കരുത്തരായി ഇടതും ബി.ജെ.പിയും

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നതോടെ പൂര്‍ണമായും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 15 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. ഇതില്‍ തന്നെ ഒരു സീറ്റേ കോണ്‍ഗ്രസിന് സ്വന്തമായുള്ളൂ. ഒന്നില്‍ മുസ്ലീംലീഗാണ് വിജയിച്ചത്.

ഒന്‍പതിടത്ത് ഇടതും നാലിടത്ത് ബി.ജെ.പിയും വിജയക്കൊടി പാറിച്ചപ്പോഴാണ് യു.ഡു.എഫിന് രണ്ട് സീറ്റിലൊതുങ്ങേണ്ടി വന്നത്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പ്രദേശക രാഷ്ട്രീയമാണെന്നും സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്ഥിതി വ്യത്യസ്തമാണെന്നുമൊക്കെ കോണ്‍ഗ്രസിനും യു.ഡി.എഫിനും വാദിക്കാമെങ്കിലും അവരുടെ നിലനില്‍പ് അതിഗുരുതരാവസ്ഥയിലാണ്.

സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനയുടെ ചുമതല വഹിക്കുന്നത് കെ.പി.സി.സി അധ്യക്ഷനാണ്. സംഘടനയെ താഴെത്തട്ടുവരെ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദര്‍ശത്തിന് പേരുകേട്ട വി.എം സുധീരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. എന്നാല്‍ സുധീരന് കീഴില്‍ കേരളത്തിലെ  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടന സംവിധാനങ്ങള്‍ താഴേത്തട്ടുവരെ തകര്‍ന്നടിഞ്ഞെന്നതിന് തെളിവാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം.

പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം കെ.പി.സി.സി ആസ്ഥാനത്ത് ഇരുപ്പുറപ്പിച്ചിരിക്കുന്ന സുധീരന്‍ തന്റെ പാര്‍ശ്വവര്‍ത്തികളെ വിവിധ സ്ഥാനങ്ങളിലെത്തിക്കുന്നതല്ലാതെ മറ്റൊരു സംഘടനാ പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന ആരോപണമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

തലമുറ മാറ്റമെന്ന പേരില്‍ പെട്ടിയെടുപ്പുകാരെ ഡി.സി.സി അധ്യക്ഷപദവിയിലെത്തിച്ചത് കേരളത്തിലെ  കോണ്‍ഗ്രസ്  പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതാക്കുന്നതാണെന്നാണ് പൊതുവിലയിരുത്തല്‍. പുതുതായെത്തിയ ഡി.സി.സി അധ്യക്ഷന്‍മാര്‍ ചുമതലയേറ്റയുടന്‍ നഗരകേന്ദ്രീകൃതമായി തട്ടിക്കൂട്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ പാര്‍ട്ടി സംവിധാനം പുനരുജ്ജീവിപ്പാന്‍ യാതൊരു പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.

ഡി.സി.സി പുനസംഘടനയോടെ ഉമ്മന്‍ ചാണ്ടി സംഘടനാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതും പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കന്‍മാരില്‍ അല്‍പമെങ്കിലും ജനപിന്തുണയുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടി. പ്രസ്താവനകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നയിക്കുന്ന വി.എം സുധീരനോ സ്വന്തം സൗന്ദര്യ സംരക്ഷണത്തില്‍ മാത്രം തല്‍പരനായ പ്രതിപക്ഷനേതാവോ വിചാരിച്ചാല്‍ മാത്രം നയിക്കപ്പെടുന്നതല്ല കോണ്‍ഗ്രസ് എന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.

ന്യൂനപക്ഷത്തിന് പിന്നാലെ ഭൂരിപക്ഷ സമൂദായങ്ങളും കോണ്‍ഗ്രസിനോട് അകലം പാലിക്കുന്നെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കോണ്‍ഗ്രസ് കോട്ടകളില്‍പ്പോലും ബി.ജെ.പി വിള്ളലുണ്ടാക്കിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പരമ്പരാഗതമായി കണ്ടുവന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് ചേരിുകള്‍ക്കൊപ്പം ബി.ജെ.പി എതിരാളിയായി രംഗത്തെന്നുതാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കേരളം കണ്ടത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫും കോണ്‍ഗ്രസും അപ്രസക്തമായി ബി.ജെ.പിയും ഇടതുമുന്നണിയും മാത്രമെ മത്സരരംഗ്ത്തുള്ളൂവെന്നതിന്റെ നേര്‍ സാക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം.

താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തുന്ന ചരമവാര്‍ഷിക അനുസ്മരണങ്ങലും തട്ടിപ്പ് സമര പരിപാടികളും ചാനലുകളിലിരുന്നുള്ള വിഴുപ്പലക്കലുമാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറന്തള്ളിയതിന് കാരണമെന്ന് വ്യക്തമാണ്. പെട്ടിയെടുപ്പുകാരെയും തെയ്യത്തിന്റെ ചമയം പോലെ ഖദര്‍ ചുറ്റിയിറങ്ങുന്ന നേതാക്കളെയും ജനം അവഞ്ജയോടെയാണ് വീക്ഷിക്കുന്നതെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.