പാര്‍ട്ടിയെ വെട്ടിലാക്കിയ ഭാഗ്യലക്ഷ്മി സെല്‍ഫിയില്‍ നിന്ന് പുറത്ത്‌

കൈരളി ടിവിയിലെ സെല്‍ഫി എന്ന ടോക്ക് ഷോ ഇനി ഭാഗ്യലക്ഷ്മി അവതരിപ്പിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറുകയാണെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. സ്വന്തം താല്‍പര്യ പ്രകാരമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. എന്നിട്ടും ഇപ്പോള്‍ പിന്‍മാറുന്നത് വിശദീകരിക്കാനാവാത്ത കാരണം കൊണ്ടാണെന്നും ഭാഗ്യലക്ഷമി പറയുന്നു. വരുമാന മാര്‍ഗ്ഗം എന്നതിലുപരി സാമൂഹിക പ്രതിബന്ധയുടെ ഭാഗമായാണ് ഇത്തരമൊരു പ്രോഗ്രാം ചെയ്യാന്‍ തയാറായത്. അതിന് ജോണ്‍ ബ്രിട്ടാസും, പി.ഒ.മോഹനനും സഹായിച്ചിട്ടുണ്ട്. സെല്‍ഫി എന്ന ടോക്ക് ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് പോസ്റ്റ് ഭാഗ്യ ലക്ഷമി അവസാനിപ്പിക്കുന്നത്.

selfiസിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തി വടക്കാഞ്ചേരി പീഡനാരോപണം ഉന്നയിച്ചത് ഭാഗ്യലക്ഷ്മി ആയിരുന്നു. ഈ വിവാദം സിപിഎമ്മിന് ഏറെ പ്രതിഛായാ നഷ്ടമുണ്ടാക്കുകയും ചെയ്തു. അന്നു മുതല്‍ തന്നെ ഭാഗ്യലക്ഷ്മിയെ കൈരളിയുമായി ബന്ധപ്പെടുത്തുന്നതില്‍ പല കോണിലും അമര്‍ഷമുണ്ടായിരുന്നു. ഈ അമര്‍ഷമാകാം ഭാഗ്യലക്ഷമിയുടെ പുറത്തേക്കുള്ള വഴി തുറക്കലില്‍ എത്തിച്ചത്.

ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നീ നാലുപേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഭാഗ്യ ലക്ഷമി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആരോപിച്ചത്. പരാതി ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്നും. ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും യുവതി ആരോപിച്ചിരുന്നു. പൊതു ജനമധ്യത്തില്‍ സിപിഎം ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു.