കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായി; പിഎം സുരേഷ് ബാബു പാർട്ടി വിടുന്നു

    കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു പറഞ്ഞു.

    കോണ്‍ഗ്രസുമായി മാനസികമായി അകന്നു. ഇന്നത്തെ നേതൃത്വത്തോട് പൂര്‍ണമായും അകന്നു. പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കാന്‍ പാര്‍ട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല.
    തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടേക്കും. പാര്‍ട്ടി വിട്ടാല്‍ എന്ത് ചെയ്യണമെന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    പാര്‍ട്ടി വിടാതിരിക്കണം എന്ന നിര്‍ബന്ധബുദ്ധി തനിക്കില്ലെന്നും കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടിയിലേക്ക് പോകാം എന്ന് തോന്നിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളൊഴിച്ച് എല്ലാവരും നിരന്തരം വിളിക്കുകയും കാണുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം പിസി ചാക്കോ തന്നെ കാണാന്‍ വന്നിരുന്നുവെന്നും സ്ഥിരീകരിച്ചു.