സമാധാന ചര്‍ച്ചകള്‍ പതിവുപടി; കണ്ണൂരില്‍ അശാന്തി

കണ്ണൂര്‍ വീണ്ടും പുകയുന്നു. തലശ്ശേരി നങ്ങാറത്ത് പീടികയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ ആര്‍.എസ്.എസ് സംഘം ബോംബെറിഞ്ഞതോടെ സംഘര്‍ഷം പുതിയ ദിശയിലാണ്. വേദിയെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ഇതോടെ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് ചേരിതിരിഞ്ഞ അക്രമത്തിന്റെ പാതയിലാണ് ഇരു വിഭാഗവും. അണ്ടലൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പങ്കെടുത്ത വേദിക്ക് സമീപം ബോംബേറുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെയാണ് സി.പി.എം ആക്രമണം നടത്തിയത്. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഈ മേഖലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിച്ചു. തലശ്ശേരിയില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടാഗോര്‍ വിദ്യാപീഠം സി.പി.എം പ്രവര്‍ത്തകര്‍ പൂട്ടിച്ചു. സ്‌കൂളില്‍ എത്തിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ച് സംഭവമുണ്ടായി. രണ്ടാഴ്ച മുമ്പ് ഈ സ്‌കൂളിന് നേരെ അക്രമം ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 7.30-ഓടെ സി.പി.എം പ്രവര്‍ത്തകന്‍ കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ നടന്ന തലശ്ശേരി ടെമ്പിള്‍ ഗേറ്റിനു സമീപത്താണ് കോടിയേരി പങ്കെടുത്ത പരിപാടിക്കു നേരെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി നേരത്തേ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് പരിപാടിക്കിടെ ബോംബേറുണ്ടായത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം നാളിലാണ് അണ്ടലൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ചത്. ഇതേതുടര്‍ന്ന് ഭീതിയുടെ നിഴലിലായിരുന്നു കലോത്സവ നഗരി. സന്തോഷിന്റെ മൃതദേഹം വിലാപയാത്രയായി കലോത്സവ വേദികള്‍ക്ക് മുന്നിലൂടെ കൊണ്ടു പോകാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു. സമാധാന യോഗങ്ങള്‍ക്ക് ശേഷവും സി.പി.എം-ആര്‍.എസ്.എസ് ഏറ്റുമുട്ടുന്നത് ജില്ലയിലെ ജനജീവിതത്തെയാണ് അസ്വസ്ഥമാക്കുന്നത്. നേതാക്കളുടെ വാക്ക്‌പോരാണ് അക്രമത്തിന് വഴി മരുന്നിടുന്നത്.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്. അക്രമസംഭവങ്ങള്‍ നൂറിലേറെ വരും. രാഷ്ട്രീയ നേതാക്കള്‍ പോര്‍ വിളിയും താക്കീതും നടത്തുന്നു അണികള്‍ കൊലക്കത്തിക്ക് ഇരയാകുന്നുവെന്നതാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ കണ്ണൂരിലെ സ്ഥിതി. പയ്യന്നൂരിലെ ഇരട്ടകൊലപാതക പരമ്പരകളുടെ തുടക്കം ഓരോ കൊലപാതകത്തിന് ശേഷവും ജില്ലയെ വാക്‌പോരിലൂടെ വീണ്ടും അക്രമരാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുകയാണ് പാര്‍ട്ടി നേതൃത്വം. സി.പി.എം-ബി.ജെ.പി പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് രാഷ്ട്രീയ ചിന്താഗതി വെച്ച് പുലര്‍ത്തുന്നവര്‍ക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ്. സമാധാന ശ്രമങ്ങള്‍ സി.പി.എം തന്നെ ലംഘിക്കുന്ന അവസ്ഥയില്‍ ഇടതുഭരണത്തിലെ കൂട്ടുകക്ഷിയായ സി.പി.ഐയുള്‍പ്പെടെയുള്ളവരുടെ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.

ബോംബ് കോടിയേരിയെയും പി. ജയരാജനെയും എറിയുന്നതിലേക്ക് എത്തി നില്‍ക്കുമ്പോള്‍ പാടത്ത് പണിയെടുക്കുന്നുവര്‍ക്ക് വരമ്പത്ത് കൂലിയെന്ന കോടിയേരിയുടെയും ജയരാജന്‍മാരുടെ വാക്പ്രയോഗങ്ങളുമാണ് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമുള്‍പ്പെടെ ബി.ജെ.പിയുടെ ദേശീയ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങളും പ്രസ്താവനകളും അക്രമത്തിന് വഴി മരുന്നിടുന്നുണ്ടെന്ന അഭിപ്രായവും ശക്തമാണ്. നേതാക്കളുടെ വാക് യുദ്ധങ്ങളും അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലും ജില്ലയുടെ സമാധാനം കെടുത്തുമോയെന്ന ആശങ്കയിലാണ് സമാധാനകാംക്ഷികള്‍.