കള്ളം പറയുന്നത് മുഖ്യമന്ത്രിയുടെ സഹജസ്വഭാവമായി മാറി: കുമ്മനം

തിരുവനന്തപുരം: പച്ചക്കള്ളം വിളിച്ചുപറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹജസ്വഭാവമായി മാറിയെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട ആഴക്കടല്‍ മത്സ്യബന്ധന കരാറിന് പുറകിലെ അഴിമതി സംബന്ധിച്ച മുഴുവന്‍ എഴുത്തുകുത്തുകളും പുറത്തുവന്നതോടെ മുഖ്യമന്ത്രി ആദ്യം പറഞ്ഞ കള്ളം പൊളിഞ്ഞു. സ്പ്രിംഗ്‌ളര്‍ കരാറിന്റെ കാര്യത്തിലും സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയെ സംബന്ധിച്ചും മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അറിയില്ല, കണ്ടില്ലെന്ന എന്നൊക്കെയാണ്. സത്യം പുറത്തുവരുമ്പോള്‍ ആദ്യം പറഞ്ഞത് തിരുത്തി വിഷയങ്ങളില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് മുന്നണിയിലെ പാര്‍ട്ടികളും നേതാക്കളും അഴിമതി നടത്തി കീശവീര്‍പ്പിച്ചു. കേരളത്തിന്റെ വികസനത്തിലല്ല മറിച്ച് അഴിമതിയും കൊള്ളയും വെട്ടിപ്പും തട്ടിപ്പും നടത്തുന്നതിലായിരുന്നു അവര്‍ക്ക് ശ്രദ്ധ. നാലുലക്ഷം കോടിരൂപയുടെ കടത്തില്‍ കേരളത്തെ കൊണ്ടെത്തിച്ച ഭരണത്തില്‍ അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ഖജനാവ് കാലിയാക്കി പോകുന്ന ഈ മുന്നണി തുടര്‍ഭരണം നേടുന്നതിനാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു കാണിച്ച് ലക്ഷക്കണക്കിന് ഇരട്ട വോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. അധികാരം പിടിച്ചെടുക്കാനുള്ള അവരുടെ ശ്രമം വിലപ്പോകില്ല.
ശബരിമലയില്‍ അടക്കം ഭക്തരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. യുഡിഎഫും അവിടെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. ആചാരസംരക്ഷണത്തിനായി ഭക്തര്‍ നടത്തിയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പതിനായിരങ്ങളെ കള്ളക്കേസില്‍ കുടുക്കി. ശബരിമലയുടെ പാവനത തകര്‍ത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് കേരളത്തിന് വര്‍ഷാവര്‍ഷം ലഭിച്ചിരുന്ന പതിനായിരം കോടിരൂപയുടെ റവന്യൂവരുമാനം ഇല്ലാതാക്കി. വിശ്വാസസംരക്ഷണത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും മാപ്പു പറയണം. തുടര്‍ഭരണം ലഭിച്ചാല്‍ ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും കുമ്മനം ചോദിച്ചു ? സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ ? പരമോന്നത നീതിപീഠത്തിന്റെ ഏഴുചോദ്യങ്ങള്‍ക്ക് എന്തുത്തരം നല്‍കും? ഇക്കാര്യത്തില്‍ എന്‍എസ്എസ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ അവരെ അവഹേളിക്കുകയാണ് ഇടതുപക്ഷം. എന്‍എസ്എസിനെ വിരട്ടി വരുതിയിലാക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും കുമ്മനം പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കുമെന്ന എല്‍ഡിഎഫ്-യുഡിഎഫ് നിലപാട് നിഷേധാത്മക രാഷ്ട്രീയമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുകച്ചവടം നടത്തും. എന്നാല്‍ യഥാര്‍ഥ പാര്‍ട്ടിക്കാര്‍ ഈ അവിശുദ്ധകൂട്ടുകെട്ടില്‍ പെടുമെന്ന് കരുതുന്നില്ല. എന്‍ഡിഎ അധികാരത്തിലേറിയാല്‍ ഒരുരൂപ പോലും കടം വാങ്ങാതെ കേരളം ഭരിക്കും. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ രാജമാണിക്യം റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ ഇരുമുന്നണികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കുന്നത് എല്‍ഡിഎഫും യുഡിഎഫും: കുമ്മനം

തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കുന്നത് എല്‍ഡിഎഫും യുഡിഎഫും ആണെന്ന് കുമ്മനം പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് തന്നെക്കുറിച്ച് അങ്ങനെ അഭിപ്രായമില്ല. തനിക്ക് ന്യൂനപക്ഷങ്ങളോടും ന്യൂനപക്ഷങ്ങള്‍ക്ക് തന്നോടും അവിശ്വാസ്യതയില്ല. അവര്‍ ഇങ്ങോട്ടും താന്‍ അങ്ങോട്ടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. 1965നു ശേഷം കേരളത്തില്‍ നിരവധി കലാപങ്ങള്‍ നടന്നു. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷനുകള്‍ അടക്കം നിരവധി അന്വേഷണങ്ങള്‍ നടന്നു. അവരുടെയൊന്നും റിപ്പോര്‍ട്ടില്‍ തന്നെ കുറ്റവാളിയാക്കിയിട്ടില്ല. മാറാട് കലാപത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത് താനാണ്. പല സംഘര്‍ഷങ്ങളും ഒരു തുള്ളി ചോര പോലും മണ്ണില്‍ വീഴാതെ ഒഴിവാക്കാന്‍ തന്റെ ഇടപെടലിലൂടെ സാധിച്ചു. വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയോ മാര്‍ഗമല്ല തന്റേത്.
ഒ. രാജഗോപാലിനെ ഗുരുവായാണ് കാണുന്നത്. അദ്ദേഹം നേമത്തെ എന്‍ഡിഎയുടെ വിജയത്തിനുവേണ്ടി വലിയ പരിശ്രമമാണ് നടത്തുന്നത്. നേമത്ത് ശക്തി തെളിയിക്കേണ്ടത് വോട്ടിന്റെ ബലത്തിലാണ്. ജനങ്ങളുടെ വിശ്വാസമാണ് നേടേണ്ടത്. താന്‍ ദേശാടനപ്പക്ഷിയല്ല. അഞ്ചുവര്‍ഷവും നേമത്തുണ്ടാകും. നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ചാലും 51 ശതമാനത്തിലധികം വോട്ടുനേടാനാണ് എന്‍ഡിഎ ശ്രമിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന പണത്തിന്റെ 20 ശതമാനം മാത്രമാണ് കേരളസര്‍ക്കാര്‍ ക്രൈസ്തവര്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. ഇങ്ങനെ അവരെ പാര്‍ശ്വവത്കരിക്കുന്നതിനെതിരെ എന്‍ഡിഎ ശക്തമായി പ്രതിഷേധിക്കും. ഇന്ന് അവര്‍ക്കൊപ്പം ബിജെപി മാത്രമേ ഉള്ളൂവെന്ന് വ്യക്തമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.