കേരളം രാജ്യമാണെന്നും താൻ രാജാധിരാജൻ ആണെന്നുമാണു പിണറായി ധരിച്ചിരിക്കുന്നത്’: പി.കെ കൃഷ്ണദാസ്

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ സംസ്ഥാന കൺവീനറും കാട്ടാക്കടയിലെ സ്ഥാനാർഥിയുമായ പി.കെ.കൃഷ്ണദാസ്. കേരളം പ്രത്യേക രാജ്യമാണെന്നും അതിന്റെ രാജാധി രാജൻ താനെന്നുമാണു പിണറായി വിജയൻ ധരിച്ചിരിക്കുന്നത്.  സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി തന്നെയാണു പ്രധാനമന്ത്രിക്കു കത്തെഴുതിയത്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പീറക്കടലാസിന്റെ പോലും വിലയില്ലെന്നും പി.കെ കൃഷ്ണദാസ് പരിഹസിച്ചു.

    അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരാണെന്നു കണ്ടപ്പോഴാണ് ഇഡിക്കെതിരെ തിരിഞ്ഞത്. ഇവരുടെ അധോലോക ബന്ധം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞു. ഇനി രക്ഷപ്പെടാനാണു ശ്രമം. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്നാണു മുഖ്യമന്ത്രി വീമ്പിളക്കിയിരുന്നത്. മടിയിൽ കനമുണ്ടെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    ഈ അധോലോക സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പ്. വ്യാജവോട്ടും ഇരട്ടവോട്ടും ചേർത്തതിനു പിന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. അധികാരത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാൻ പിണറായിയെ പ്രേരിപ്പിക്കുന്നത് ഈ വോട്ടുകളാണ്.

    അവ പൂർണമായും പട്ടികയിൽനിന്ന് നീക്കണം. ആഴക്കടൽ മത്സ്യബന്ധന അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. അദ്ദേഹത്തിന്റെ അറിവോടെയാണു ധാരണാപത്രം ഒപ്പിട്ടത്. കാവൽ മുഖ്യമന്ത്രിയായി പോലും അധികാരത്തിൽ തുടരാൻ പിണറായിക്കു ധാർമിക അവകാശമില്ല. മുഖ്യമന്ത്രിയുടെ മുഖം ജനം മനസ്സിലാക്കി. ഇത്രയും അഴിമതി നടത്തിയ മുഖ്യമന്ത്രിയും സർക്കാരും ഭാരതത്തിന്റെ ചരിത്രത്തിൽ അപൂർവമാണെന്നും കൃഷ്ണദാസ് പറഞ്ഞു.