ആള്‍ക്കൂട്ടം തന്നെയും അപമാനിച്ചിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്

 

ബാംഗ്ലൂര്‍ സംഭവത്തില്‍ അറസ്റ്റില്ലാത്തത് ദു:ഖകരമെന്നും താരം

തിരുവനന്തപുരം: ന്യൂഇയറിന് തലേന്ന് രാത്രി ബാംഗ്ലൂരില്‍ യുവതികളെ അപമാനിച്ച സംഭവത്തില്‍ പ്രതികളെയാരും ഇതുവരെ പിടികൂടാത്തത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ആങ്കറും നടിയുമായ രഞ്ജിനി ഹരിദാസ്. പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ല.

പരാതിയുമായി ചെല്ലുന്നവരോട് മോശമായാണ് പൊലീസ് പലപ്പോഴും പെരുമാറുന്നതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. ഒരിക്കല്‍ കണ്ണൂരില്‍ ഒരു സ്റ്റേജ്‌ഷോകഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ ആള്‍ക്കുട്ടം തന്നോട് മോശമായി പെരുമാറിയെന്നും താരം വെളിപ്പെടുത്തി. ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ ഒരുകൂട്ടമാകുമ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നും അവര്‍ പറഞ്ഞു.

ആളുകള്‍ക്ക് നിയമമൊന്നും ഭയമില്ലാതായിരിക്കുന്നു. നിര്‍ഭയ കേസ് അതാണ് തെളിയിക്കുന്നത്. ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി രക്ഷപെട്ടതിന് തുല്യമാണ്. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇതെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. പീഡനത്തിന് ഇരയാകുന്ന സ്ത്രീ പരാതി നല്‍കിയാല്‍ അതിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കും.

ഇതൊന്നും പരിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ല. ബാംഗ്ലൂര്‍ പോലെ ഇന്ത്യയിലെ ഒരു അത്യാധുനിക നഗരത്തില്‍ ഇത്തരം സംഭവം നടന്നത് തന്നെ ഞെട്ടിച്ചെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. താഴേത്തട്ടിലുള്ള പൊലീസുകാരില്‍ പലര്‍ക്കും ഉന്നതവിദ്യാഭ്യാസമില്ലാത്തതും പ്രശ്‌നമാണ്. ഇത്തരം സംഭവങ്ങളെ അവര്‍ നിസാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.