കലോത്സവം കായികോത്സവമായി; പ്രസംഗത്തില്‍ അമളി പറ്റി മണിയാശാന്‍

 തൊടുപുഴ: ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം മണിയെന്ന മണിയാശാന് കായികമേളയും കലോത്സവവും തമ്മില്‍ മാറിപ്പോയി. കലോത്സവത്തിന് പകരം കായികമാമാങ്കത്തിന് ആശംസ അര്‍പ്പിച്ചു കൊണ്ട് ആശാന്‍ പ്രസംഗം തുടങ്ങിയത്.

 

പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്.

മന്ത്രി ആവേശത്തോടെ കത്തിക്കയറിയപ്പോള്‍ സംഘാടകരും സദസ്യരും അമ്പരപ്പിലായി. തുടര്‍ന്ന് സംഘടകര്‍ തന്നെ മന്ത്രിയെ തെറ്റ് ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കലോത്സവത്തെക്കുറിച്ച് മന്ത്രി സംസാരിച്ചു തുടങ്ങിയെങ്കിലും വീണ്ടും കായികമേഖലയെക്കുറിച്ചുള്ള വിവരണത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.