കമലിനെ താറടിക്കാനുള്ള സംഘികളുടെ ശ്രമം പാളി: വിശദീകരണവുമായി വിദ്യാബാലന്‍

തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി എതിര്‍ത്തതിനും ചലച്ചിത്രമേളയില്‍ ദേശീയഗാനം പാടിയവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ചതിനും ബി.ജെ.പി- സംഘപരിവാര്‍ ശക്തികള്‍ സംവിധായകന്‍ കമലിനെ ആക്രമിക്കുന്നത് തുടരുന്നു.   കഴിഞ്ഞ ദിവസം വിദ്യാബാലന്റെ പേരില്‍ നടത്തിയ സൈബര്‍ ആക്രമണം പക്ഷെ, ചീറ്റിപ്പോയി. നോട്ട് നിരോധനത്തെ കമല്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വിദ്യാബാലന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നിന്ന് പിന്‍മാറി എന്നായിരുന്നു സംഘികളുടെ സൈബര്‍ ബോംബ്. എന്നാല്‍ സംഭവത്തെ കുറിച്ച് കമല്‍ പ്രതികരിച്ചില്ല. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദ്യാബാലന്റെ പബ്‌ളിക് റിലേഷന്‍ ഓഫീസ് ഒരു ദേശീയ പത്രത്തെ അറിയിച്ചു. എന്നിട്ടും സംഘികള്‍ സൈബര്‍ ആക്രമണം അവസാനിപ്പിക്കുന്നില്ല.

നോട്ട് അസാധുവാക്കലിനെ വിദ്യാബാലന്‍ പരസ്യമായി അനുകൂലിച്ചിരുന്നു. പാവങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാകുന്നെങ്കിലും ഭാവിയില്‍ ഇതിന്റെ ഗുണം എല്ലാവര്‍ക്കും ലഭിക്കുമെന്നായിരുന്നു വിദ്യ ട്വീറ്റ് ചെയ്തത്. എന്നാല്‍ കമലിനെതിരെ നടത്തിവന്ന പ്രതിഷേധ സമരങ്ങള്‍ ഒന്നും വിജയിച്ചില്ല. ഇതോടെ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ പിന്‍മാറിയെന്നായിരുന്നു പ്രചരണം. എന്നാല്‍ ചിത്രത്തില്‍ നിന്ന് താരം പിന്‍മാറിയിട്ടില്ലെന്നും വരുന്ന ഡിസംബര്‍ മുതല്‍ 60 ദിവസം ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും വിദ്യാബാലന്റെ പബ്‌ളിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. കമലാസുരയ്യയായി അഭിനയിക്കുന്നത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ വിദ്യാബാലന്‍ വ്യക്തമാക്കിയിരുന്നു.

ലോഹിതദാസ് തിരക്കഥ എഴുതി കമല്‍ സംവിധാനം ചെയ്ത ചക്രം എന്ന ചിത്രത്തിലൂടെയാണ് പാലക്കാട്ടുകാരിയായ വിദ്യാബാലന്‍ സിനിമയിലെത്തിയത്. മോഹന്‍ലാലായിരുന്നു നായകന്‍. എന്നാല്‍ ഇടയ്ക്ക് വച്ച് സിനിമ മുടങ്ങി. തുടര്‍ന്ന് മുകേഷിന്റെ നായികയായി വിദ്യാബാലന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചു. അത് വേണ്ടത്ര ക്ലിക്കായില്ല. തുടര്‍ന്ന് രാശയില്ലാത്ത നായികയാണെന്ന് പറഞ്ഞ് മലയാളം വിദ്യയെ കയ്യൊഴിഞ്ഞു. തുടര്‍ന്ന് തമിഴില്‍ അഭിനയിച്ചെങ്കിലും രക്ഷപെട്ടില്ല. 2006ല്‍ പരിണീതയിലൂടെയാണ് സ്റ്റാറായത്. ആ ചിത്രത്തില്‍ നിന്ന് വിദ്യയെ മാറ്റാന്‍ നിര്‍മാതാവ് നോക്കിയിരുന്നു.