EXCLUSIVE: ഡബിള്‍ ഡി.സി.ആറിലൂടെ തിയേറ്ററുകാര്‍ വെട്ടിക്കുന്നത് കോടികളുടെ നികുതി

 -ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: വിനോദ നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദിപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും പൊതുമരാമത്ത് വകുപ്പും തിയേറ്ററുകളിലുടനീളം വെള്ളിയാഴ്ച പരിശോധന നടത്തിയതിനെ തുടര്‍ന്ന് ദ വൈഫൈ റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ തിയേറ്റര്‍ ഉടമകള്‍ നടത്തുന്ന മറ്റ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി. ഡെയ്‌ലി കളക്ഷന്‍ റിപ്പോര്‍ട്ടില്‍ (ഡി.സി.ആര്‍) തിരിമറി കാണിച്ചാണ് മാസം മിനിമം ഒന്നരലക്ഷത്തോളം രൂപ ഓരോ തിയേറ്റര്‍ ഉടമകളും വെട്ടിയ്ക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടാത്ത തിയേറ്ററുകളിലെല്ലാം. രണ്ട് ഡി.സി.ആറുകളാണുള്ളതെന്ന് തിയേറ്റര്‍ ജീവനക്കാര്‍ പറഞ്ഞു. സര്‍വ്വീസ് ചാര്‍ജ് വാങ്ങിയിട്ട് വര്‍ഷാവര്‍ഷം തിയേറ്ററുകളില്‍ അറ്റകുറ്റപ്പണി നടത്താറില്ല.

വെട്ടിപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ അറിവോടെ

യഥാര്‍ത്ഥ ഡി.സി.ആര്‍ നിര്‍മാതാവിനെയോ, അദ്ദേഹത്തിന്റെ മാനേജരെയോ മാത്രമേ തിയേറ്ററുകാര്‍ കാണിക്കുകയുള്ളൂ. നൂറ് ടിക്കറ്റ് വിറ്റാല്‍ 50 മുതല്‍ 60 വരെ വിറ്റെന്ന് രണ്ടാമത്തെ ഡി.സി.ആറില്‍ രേഖപ്പെടുത്തും. ഈ കണക്കാണ് അതത് തദ്ദേശ സ്ഥാപനങ്ങളെ കാണിക്കുന്നത്. ബാക്കി ടിക്കറ്റുകളുടെ നികുതി അടയ്ക്കാറില്ല. തദ്ദേശ സ്ഥാപനങ്ങളിലെ റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടെയാണ് വര്‍ഷങ്ങളായി  ഈ രീതി തുടരുന്നത്. റവന്യൂ വിഭാഗത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ എന്നും തിയേറ്ററില്‍ ചെന്ന് പരിശോധന നടത്തി ഡി.സി.ആറില്‍ ഒപ്പിടണം എന്നാണ് നിയമം. എന്നാല്‍ മാസത്തിലൊരിക്കല്‍ ചെന്ന് മുഴുവന്‍ ഒപ്പുകളും ഇടുകയാണ് പതിവ്.

സര്‍വ്വീസ് ചാര്‍ജ് വാങ്ങും; സൗകര്യങ്ങളൊരുക്കില്ല

ഒരു ടിക്കറ്റിന് രണ്ട് രൂപയാണ് തിയേറ്റര്‍ ഉടമകള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഇടാക്കുന്നത്. 500 സീറ്റുകളുള്ള തിയേറ്ററില്‍ നിന്ന് ഒരു ദിവസം മാക്‌സിമം നാലായിരം രൂപ വരെ ഈ ഇനത്തില്‍ ലഭിക്കും. ഒരു വര്‍ഷം ഒരു കോടിയോളം രൂപയാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. എന്നിട്ട് തിയേറ്ററുകളില്‍ മെയിന്റനന്‍സ് നടത്താറില്ല. ഗണേഷ് കുമാര്‍ എം.എല്‍.എ മന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ തിയേറ്ററുകള്‍ നവീകരിച്ചതോടെയാണ് സംസ്ഥാനത്തെ പല സ്വകാര്യ തിയേറ്ററുകളും വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിപ്പണിയാനും കസേരകള്‍ മാറ്റാനും തീരുമാനിച്ചത്. തലസ്ഥാന നഗരത്തിലെ ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ തിയേറ്ററുകളില്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല. 100 രൂപയാണ് അവിടുത്തെ ടിക്കറ്റ് നിരക്ക്.

സര്‍ക്കാര്‍ തിയേറ്ററുകള്‍ മാതൃക

സംസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകാരാണ് നികുതി അടയ്ക്കുന്നതിലും മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാതൃക. പ്രിപെയ്ഡ് നികുതി സംവിധാനമാണ് അവിടെയുള്ളതെന്ന് കെ.എസ്.എഫ്.ഡി.സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആയിരം ടിക്കറ്റുകള്‍ക്ക് മുന്‍കൂര്‍ നികുതി അടച്ച് സീല്‍ ചെയ്താണ് അവിടങ്ങളില്‍ ടിക്കറ്റ് വില്‍ക്കുന്നത്. 900 ടിക്കറ്റ് വിറ്റ് തീരുമ്പോള്‍ അടുത്ത ആയിരം ടിക്കറ്റുകളുടെ നികുതി അടച്ച് സീല്‍ ചെയ്യിക്കും. ക്ഷേമനിധിയായി മൂന്ന് രൂപ ഈടാക്കാനുള്ള നിര്‍ദ്ദേശം വന്നത് മുതല്‍ മുടങ്ങാതെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ തിയേറ്ററുകള്‍ സെസ് പിരിച്ചിരുന്നില്ല

അവശകലാകാരന്‍മാരെ സഹായിക്കാനാണ് ടിക്കറ്റ് ചാര്‍ജിനൊപ്പം മൂന്ന് രൂപ സെസ് ഈടാക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനോട് മുഖം തിരിച്ച് നില്‍ക്കുന്ന സമീപനമാണ് സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ സ്വീകരിച്ചത്. എന്നാല്‍ സെസ് അടയ്ക്കാതെ ടിക്കറ്റ് സീല്‍ ചെയ്യില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവര്‍ മുട്ടുമടക്കി. എന്നാല്‍ പലരും ക്ഷേമനിധി തുക അടയ്ക്കാറില്ലായിരുന്നെന്നും കഴിഞ്ഞ മൂന്ന് മാസമായി കൃത്യമായി അടയ്ക്കുന്നുണ്ടെന്നും ചലച്ചിത്രക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രികുമാര്‍ ദ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഇ-ടിക്കറ്റിനെ എതിര്‍ക്കുന്നത് നികുതി വെട്ടിക്കാന്‍

സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളിലും ഇ-ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചിട്ടും അതിനെതിരെ സമരം നടത്തുകയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയ്തത്. നികുതി വെട്ടിപ്പ് തടയാനും ഓരോ തിയേറ്ററിലും ഓരോ ഷോയ്ക്കും എത്ര കളക്ഷന്‍ കിട്ടിയെന്ന് കൃത്യമായി അറിയാനുള്ള സംവിധാനമാണിത്. ഇതിന്റെ സെര്‍വര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്ന് ഫെഡറേഷന്‍ സെക്രട്ടറി ഷാജു അക്കര പറഞ്ഞു.

റിസര്‍വ് ടിക്കറ്റിന് അമിത ചാര്‍ജ്ജ്

സിനിമ റിലീസാകുമ്പോള്‍ തലസ്ഥാനത്തെ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്നത് റിസര്‍വേഷന്‍ ഒഴികെയുള്ള ടിക്കറ്റുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കിയാണ്. ഇത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ്. സൂപ്പര്‍ താരങ്ങളുടെയും തമിഴ് സ്റ്റാറുകളുടെയും സിനിമ റിലീസാകുമ്പോള്‍ റിസര്‍വ് ടിക്കറ്റ് അഞ്ച് പത്തും രൂപ അധികം നല്‍കി മുമ്പേ വില്‍ക്കും. ഈ ഇനത്തില്‍ ഒരു ദിവസം എണ്ണായിരം മുതല്‍ 12000 രൂപവരെയാണ് കൊള്ളലാഭമായി ഉണ്ടാക്കുന്നത്.