സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

    പുണെ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-V  ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ.). ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

    ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ട്. ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

    ജൂണ്‍ മാസത്തില്‍ പത്തുകോടി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് നേരത്തെതന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച 30 ലക്ഷം ഡോസ് സ്പുട്‌നിക്-V വാക്‌സിന്‍ ഹൈദരാബാദില്‍ എത്തിയിട്ടുമുണ്ട്.