ഈശ്വരന്‍ നമ്പൂതിയുടെ പുസ്തക ശേഖരം ഇനി പുതുതലമുറയ്ക്ക് സ്വന്തം

കാസര്‍ഗോഡ്: ഈശ്വരന്‍ നമ്പൂതിരി ജീവനുതുല്യം സ്നേഹിച്ച പുസ്തകശേഖരം ഇനി പുതുതലമുറയ്ക്കു സ്വന്തം. വേലാശ്വരം പെരികമനയിലെ ആറായിരത്തോളം പുസ്തകങ്ങളാണു കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം കാമ്പസിന് നല്‍കുന്നത്. ഇതില്‍ ആദിമകവി ചീരാമന്റേതെന്നു പറയപ്പെടുന്ന രാമചരിതം മുതല്‍ പുതുതലമുറയിലെ പി.വി.ഷാജികുമാറിന്റെ വെള്ളരിപ്പാടം വരെ ഉള്‍പ്പെടും. പെരികമനയിലെ മച്ചിന്‍പുറത്ത് അരനൂറ്റാണ്ടായി സൂക്ഷിച്ചുവന്ന അറിവിന്റെ അക്ഷയഖനിയാണ് ഈ എഴുപതുകാരന്‍ പുതുതലമുറയ്ക്കു സമ്മാനിക്കുന്നത്.

പത്താം ക്ലാസ് പഠനത്തിനുശേഷം സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ജോലിചെയ്ത ഈശ്വരന്‍ എമ്പ്രാന്തിരിക്ക് എന്നും കൂട്ട് പുസ്തകങ്ങളായിരുന്നു. മലയാളത്തിലെ ആദ്യകാല പുസ്തകങ്ങളായ ആര്‍ച്ച്ഡീക്കന്‍ കോശിയുടെ പുല്ലേലികുഞ്ചു, അപ്പു നെടുങ്ങാടിയുടെ കുന്ദലത, മിസിസ് റിച്ചാര്‍ഡ് കോളിന്‍സിന്റെ ഘാതകവധം, കുമ്പുകുഴില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കിരിയുടെ പരിഷ്‌കാരിപ്പാതി, ജോണ്‍ ബനിയന്റെ പരദേശിമോക്ഷയാത്ര തുടങ്ങി യ അപൂര്‍വകൃതികളുടെ ആദ്യകാല കോപ്പികള്‍ എമ്പ്രാന്തിരിയുടെ ശേഖരത്തിലുണ്ട്. ചരിത്രവും ഫിക്ഷനുമാണ് എമ്പ്രാന്തിരിക്ക് ഏറ്റവും താത്പര്യം.

എസ്.കെ.പൊറ്റക്കാടും എന്‍.വി.കൃഷ്ണവാര്യരും ആര്‍.സി.മജുംദാറും റോമില ഥാപ്പറും കേശവദേവും തകഴിയും എംടിയുമാ ണ് പ്രിയപ്പെട്ട എഴുത്തുകാര്‍ . ഭാര്യ സുഭദ്ര അന്തര്‍ജനത്തിനും ഈ പുസ്തകശേഖരം ഏറെ പ്രിയംതന്നെ. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്ന് എമ്പ്രാന്തിരി പറയുന്നു. എങ്കിലും ആയിത്തോളം പുസ്തകങ്ങള്‍ ഇവിടുത്തെ ഷെല്‍ഫില്‍ ഇപ്പോഴുമുണ്ട്. ഈ ശേഖരത്തിലെ 3000ത്തോളം പുസ്തകങ്ങള്‍ അമൂല്യമാണെന്ന് നീലേശ്വരം പി.കെ.രാജന്‍ സ്മാരക കാമ്പസ് ഡയറക്ടര്‍ ഡോ.എ.എം.ശ്രീധരന്‍ പറഞ്ഞു. കാമ്പസിലെ മലയാളം പഠനവകുപ്പില്‍ ഈശ്വരന്‍ എമ്പ്രാന്തിരിയുടെ പേരിലായിരിക്കും ഈ റഫറന്‍സ് ലൈബ്രറി ഒരുങ്ങുക.

മലയാള കാവ്യചരിത്രവും നരവംശശാസ്ത്രവും സാമൂഹ്യശാസ്ത്രവുമൊക്കെയായി ബന്ധപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ ഗവേഷണവിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കും. 13നു കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങിലാണു പുസ്തകം കൈമാറുക. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാ ന്‍സലര്‍ ഉദ്ഘാടനംചെയ്യും. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് പുസ്തകം ഏറ്റുവാങ്ങും.