ഏകമകന്റെ ദാരുണാന്ത്യത്തില്‍ മനംതകര്‍ന്ന് ഈ അമ്മ

നാദാപുരം: പാമ്പാടി നെഹ്‌റു കോളജില്‍ പരീക്ഷക്ക് നോക്കി എഴുതി എന്നാരോപിച്ച് അധികൃതര്‍ ആക്ഷേപിച്ചതില്‍ മനംനൊന്ത് കോളജില്‍ ആത്മഹത്യ ചെയ്ത ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥി വളയം പൂവും വയലിലെ ജിഷ്ണു പ്രണോയുടെ  വീടിന്ന് കണ്ണീര്‍ക്കടലാണ്.

പഴയ അധ്യാപകരും സഹപാഠികളും ഇവര്‍ക്കൊപ്പം വിലപിക്കുന്നു.  കോപ്പിയടിച്ച് പിടിച്ചതില്‍ ജീവനൊടുക്കി എന്നുള്ള കോളജ് അധികൃതരുടെ വാദം ആരും വിശ്വാസത്തില്‍ എടുത്തിട്ടില്ല. എസ്.എസ്.എല്‍.സിക്കും പ്‌ളസ് ടുവിനുമടക്കം ഉന്നതവിജയം നേടുകയും ശാസ്ത്ര, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ അടക്കം സംസ്ഥാനതലത്തിലടക്കം ശ്രദ്ധേയനായ വിദ്യാര്‍ഥിയുടെ മരണത്തിലേക്കത്തെിച്ചതിന്റെ കാരണം തേടുകയാണ് നാട്. തുണ്ട് കടലാസ് കൊണ്ടുവന്ന് കോപ്പിയടിച്ചതിന് പിടിച്ചെന്നായിരുന്നു കോളജ് അധികൃതര്‍ അറിയിച്ചതെന്ന് അമ്മ മഹിജ പറയുന്നു. എന്നാല്‍, പിന്നീട് നോക്കി എഴുതിയതിന് പിടിച്ചെന്നാക്കി. കുട്ടിയുടെ മരണത്തില്‍ കലാശിച്ചത് ക്രൂരമായ മാനസിക പീഡനമാണ്.

അധ്യാപകര്‍ ഇങ്ങനെ ആവരുത്. കോളജില്‍ കടുത്ത പീഡനമുണ്ടെന്ന് നേരത്തേ മകന്‍ വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍, പണം നല്‍കിയതിനാല്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ജിഷ്ണുവിന്റെ മുഖത്ത് പരിക്കേറ്റതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുമുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ മൂക്കിന് മുകളില്‍ പരിക്കേറ്റ പാടുണ്ട്. ജിഷ്ണുവിന്റെ മരണം പീഡനം മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

കുട്ടിയുടെ മരണത്തിനുശേഷം കോളജ് അധികൃതര്‍ ആശുപത്രിയിലേക്ക് വരുകയോ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുകയോ ചെയ്തില്ല. കോളജില്‍ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് സ്ഥിരം സംഭവമാണെന്നും  ഇതിന് പിന്നില്‍ കോളജ് അധികൃതരാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

വിദ്യാര്‍ഥിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം, മുസ്ലിം ലീഗ് കക്ഷികള്‍ ആവശ്യപ്പെട്ടു.

ജിഷ്ണുവിനെ അധ്യാപകരും മാനേജ്‌മെന്റും മാനസികമായി പീഡിപ്പിക്കുകയും പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.  ഇതു സംബന്ധിച്ച് തിങ്കളാഴ്ച കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.

ജിഷ്ണുവിനെ മാനേജ്‌മെന്റ് കൊലപ്പെടുത്തിയതോ?

ഇവര്‍ രക്ഷകരോ അതോ കാലന്‍മാരോ??? മാനേജ്‌മെന്റിന്റെ പീഡനം: നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു