ഓര്‍ത്തഡോക്‌സ് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വ്യവസായികള്‍

ഡോ. ജോര്‍ജ് പോള്‍, എം.ജി. ജോര്‍ജ് മുത്തൂറ്റ്‌

ഓര്‍ത്തഡോക്സ് സഭയുടെ ആസന്നമായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി സഭാ വിശ്വാസികളായ വ്യവസായികള്‍ രംഗത്ത്. സഭയിലെ പ്രമുഖ വ്യവസായികളായ ഡോ. ജോര്‍ജ് പോള്‍, എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്ത് വന്നു കഴിഞ്ഞു. ആത്മായ ട്രസ്റ്റി, വൈദിക ട്രസ്റ്റി, സഭാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് സഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് ഒന്നിന് കോട്ടയം എം.സി. സെമിനാരി അങ്കണത്തില്‍വെച്ചാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലെ തിരഞ്ഞെടുപ്പ് നടക്കുക.

സിന്തൈറ്റ് കമ്പനി ഉടമയും പ്രമുഖ ഹോട്ടല്‍ വ്യവസായിയുമായ ഡോ. ജോര്‍ജ്ജ് പോളും മുത്തൂറ്റ് എം. ജോര്‍ജ്ജ് ഗ്രൂപ്പിന്റെ ചെയര്‍മാനും നിലവിലെ ആത്മായ ട്രസ്റ്റിയുമായ എം.ജി. ജോര്‍ജ്ജുമാണ് ആത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോര്‍ജ്ജ് പോള്‍ ഇതാദ്യമായാണ് സഭയിലെ ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ക്രൈസ്തവസഭകളുടെ ഉടമസ്ഥതയിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വക്താവായി സര്‍ക്കാരുമായുള്ള ചര്‍ച്ചകളിലും, മാധ്യമ ചര്‍ച്ചകളിലും വിശ്വാസികള്‍ക്കിടയിലും പ്രസിദ്ധനാണ് ജോര്‍ജ്ജ് പോള്‍.

സഭാ സെക്രട്ടറി സ്ഥാനത്തേക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോ രംഗത്ത് വന്നു കഴിഞ്ഞു. നിലവിലെ സഭാ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് തന്റെ സ്ഥാനാര്‍ത്ഥിത്വം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വ്യവസായികളും മുതലാളിമാരും ഇത്തരം സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിനോട് വിശ്വാസികള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. സഭയിലെ ചില മെത്രാന്മാരാണ മുതലാളിമാരെ താങ്ങി നടക്കുന്നതെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കാനും പലരും തയ്യാറാവുന്നുണ്ട്.

ബ്ലേഡ് കച്ചവടക്കാരെയും മദ്യവില്‍പ്പനക്കാരെയും സഭയുടെ ഔദ്യോഗിക പദവികളില്‍ നിയമിക്കുന്നത്. സഭ പിന്തുടരുന്ന ആത്മീയ പാരമ്പര്യങ്ങള്‍ക്കെതിരാണെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു.

സഭയിലെ ചില മെത്രാന്മാരുടെ വഴിപിഴച്ച നയങ്ങളാണ് ഇത്തരം നടപടികള്‍ക്ക് കാരണം. ഒരു പറ്റം മെത്രാന്മാര്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. ഉമ്മന്‍ചാണ്ടിയെപ്പോലൊരു നേതാവിനെ സഭയില്‍ നിന്ന് പുകച്ചു പുറത്തു ചാടിക്കാന്‍ സഭയിലെ ഉന്നതര്‍ ശ്രമിക്കുന്നതിനെതിരെ സഭാനേതൃത്വം പുലര്‍ത്തുന്ന നിസ്സംഗതയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

നിരീശ്വരവാദികളായ ഇടതുപക്ഷത്തിന്റെ ക്യാമ്പില്‍ സഭയെ കൊണ്ടെത്തിച്ച സഭാ നേതൃത്വത്തിന്റെ തട്ടിപ്പുകള്‍ ഈ തെരഞ്ഞെടുപ്പു കാലത്ത് പുറത്തു വിടുമെന്നാണ് സഭയിലെ പ്രമുഖ വിഭാഗം പറയുന്നത്. നാറുന്ന പല കഥകളും തങ്ങള്‍ പുറത്തു വിടുമെന്നവര്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

related news: 

ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ് : വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരിമറി നടത്തുന്നതായി ആരോപണം

ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ഇടത്- വലത് മുന്നണി നേതാക്കളും സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നു