ബൈക്കിലെത്തിയവര്‍ മൊബൈല്‍ തട്ടിപ്പറിച്ചു, ഓട്ടോയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ബൈക്കില്‍ എത്തിയ യുവാക്കള്‍ ഓട്ടോറിക്ഷാ യാത്രക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ് 27കാരിയായ യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാളിലെ സ്പായിലെ ജീവനക്കാരിയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ജോലി കഴിഞ്ഞ്? രാത്രി എട്ടുമണിയോടെ ഒരു ഓട്ടോറിക്ഷയില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷ ദേശീയപാതയിലൂടെ കടന്നുപോകുന്നതിനിടെ മോട്ടോര്‍ ബൈക്കില്‍ ഓട്ടോയ്ക്ക് സമീപം രണ്ടുപേര്‍ എത്തി. ഇവര്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ ഇരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.

ഇതോടെ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് കയ്യിട്ട് മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ യുവതി ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റിയ യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയടിച്ചായിരുന്നു വീഴ്ച. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

തുടര്‍ന്ന് യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായതായാണ് വിവരം. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അല്‍കേഷ് പര്‍വേസ്? മോമിന്‍ അന്‍സാരി എന്ന 20കാരനെയും മറ്റൊരു 18കാരനെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.