54 കായിക താരങ്ങൾ ഉൾപ്പെടുന്ന 88 അംഗ ഇന്ത്യൻ സംഘം ടോക്കിയോയിൽ എത്തി   

ന്യൂ ഡൽഹി, ജൂലൈ 17, 2021

54 കായിക താരങ്ങൾ ഉൾപ്പെടുന്ന 88 അംഗ ഇന്ത്യൻ സംഘം ടോക്കിയോയിലെ നരീട്ട അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഇന്ന് എത്തിച്ചേർന്നു. ഇന്ത്യൻ സംഘത്തെ സ്വീകരിക്കാനായി കുർബേയ് നഗര പ്രതിനിധി വിമാനത്താവളത്തിലെത്തിയിരുന്നു. യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, സഹമന്ത്രി ശ്രീ നിസിത്പ്രമാണിക് എന്നിവരുടെ നേതൃത്വത്തിൽ സംഘത്തിന് ഇന്നലെ രാത്രി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പും ആശംസകളും നൽകിയിരുന്നു.

ബാഡ്മിന്റൺ, അമ്പെയ്ത്ത്, ഹോക്കി, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ് എന്നീ 8 ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളും സഹായികളും ആണ് ഇന്നലെ രാത്രി ന്യൂഡൽഹിയിൽ നിന്നും ടോക്യോയിലേക്ക് യാത്രതിരിച്ചത്. 127 താരങ്ങൾ ആണ് ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുക. ഇത് ഒരു ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘമാണ്.

ടോക്യോ ഒളിമ്പിക്സ് 2020 എന്നത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവം ആണ് എന്ന് വിശേഷിപ്പിച്ച ശ്രീ അനുരാഗ് ഠാക്കൂർ, സംഘത്തിന് ആശംസ നേർന്നു കൊണ്ടുള്ള തന്റെ പ്രഭാഷണത്തിനിടെ, മത്സരിക്കുന്ന എല്ലാ താരങ്ങൾക്കും 135 കോടി ഭാരതീയരുടെ ആശംസകൾ ഉണ്ട് എന്നും ഓർമിപ്പിച്ചു. രാജ്യത്തിനായി മത്സരിക്കുന്ന വേളകൾ മാനസിക പോരാട്ടങ്ങളുടെ വേദിയാണെന്നും, ഓരോ താരത്തിന്റെയും മാനസിക ശക്തിയാണ് അവരുടെ പ്രകടനത്തിൽ പ്രതിഫലിക്കുക എന്നും ചൂണ്ടിക്കാട്ടിയ ശ്രീ ഠാക്കൂർ അതുകൊണ്ടുതന്നെ താരങ്ങൾ കരുത്തരായി തുടരണമെന്നും ഓർമ്മിപ്പിച്ചു.