മതം മാറി വിവാഹം; പൊലീസ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നു ഹൈക്കോടതി

മതം മാറിയ മകളെ തിരിച്ചുകിട്ടാന്‍ പിതാവു നല്‍കിയ ഹര്‍ജിയില്‍ താന്‍ വിവാഹിതയാണെന്ന രേഖകളുമായി പെണ്‍കുട്ടി ഹാജരായി. വിവാഹത്തെക്കുറിച്ച് അന്വേഷിച്ച് മലപ്പുറം എസ്.പി നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ഡി.ജി.പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും ഉത്തരവിട്ടു.

ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളെ നിര്‍ബന്ധിച്ചു മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വൈക്കം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഈ ഹര്‍ജിയില്‍ നേരത്തെ നേരിട്ട് ഹാജരായ പെണ്‍കുട്ടി തന്റെ ഇഷ്ടപ്രകാരമാണ് മഞ്ചേരിയിലെ സത്യസരണി എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസെറ്റ് മുഖേന ഇസ്ലാം മതം സ്വീകരിച്ചതെന്നും വീട്ടുകാരുടെ കൂടെ പോകാന്‍ ഇഷ്ടമില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒപ്പം വന്ന സഹായിയായ സൈനബയ്‌ക്കൊപ്പം വിട്ട ഹൈക്കോടതി പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ടോ എന്നന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഹര്‍ജിയില്‍ നടപടികള്‍ തുടരവേ കഴിഞ്ഞ ഡിസംബര്‍ 21-ന് ഹാജരായ പെണ്‍കുട്ടി താന്‍ ഡിസംബര്‍ 19-ന് വിവാഹിതയായെന്നും ഷഹീന്‍ ജഹാന്‍ എന്ന ഭര്‍ത്താവുമൊത്താണ് വന്നിട്ടുള്ളതെന്നും കോടതിയെ അറിയിച്ചു. കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം സെക്രട്ടറി നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പണമടച്ചതിന്റെ രസീതും ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളം എസ്.എന്‍.വി സദനത്തിലേക്ക് അയച്ച കോടതി വിവാഹത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. വിവാഹം നടത്തിയ സംഘടന കടലാസ് സംഘടനയാണോ, പെണ്‍കുട്ടിയും ഷഫീന്‍ ജഹാനും തമ്മില്‍ മുന്‍ പരിചയം ഉണ്ടായിരുന്നോ, ഇവര്‍ ഏതു സാഹചര്യത്തിലാണ് വിവാഹം കഴിച്ചത്, എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് കല്യാണത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പങ്കെടുത്തില്ലെന്നതും വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നും സൈബര്‍ സെല്ലുമായി സഹകരിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതു കണക്കിലെടുത്താണ് രണ്ടാഴ്ച കൂടി ഡിവിഷന്‍ ബെഞ്ച് സമയം നല്‍കിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. വിവാഹം കഴിഞ്ഞ സാഹചര്യത്തില്‍ തന്നെ പോകാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും എസ്.എന്‍.വി സദനത്തില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി കേസ് ജനുവരി 23-ന് പരിഗണിക്കാന്‍ മാറ്റി.