കിംസ്ഹെല്‍ത്ത് ലോക ഹൃദയ ദിനാചരണം സംഘടിപ്പിച്ചു

കിംസ്‌ഹെല്‍ത്ത് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണവും കിംസില്‍ ആന്‍ജിയോപ്ലാസ്റ്റിയും കാര്‍ഡിയാക് സര്‍ജറിയും പൂര്‍ത്തിയാക്കിയവരുടെ ഒത്തുചേരലും സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള, കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാനും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറുമായ പ്രൊഫ.ഡോ. ജി.വിജയരാഘവന്‍, കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, കിംസ്‌ഹെല്‍ത്ത് സപ്പോര്‍ട്ടിംഗ് സര്‍വീസസ് ഡയറക്ടര്‍ ഇ.ഇക്ബാല്‍ എന്നിവര്‍ സമീപം.
തിരുവനന്തപുരം: ഭക്ഷണക്രമത്തെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും അറിവുനേടാന്‍ ലോക ഹൃദയദിനം പ്രയോജനപ്പെടുത്തണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. കിംസ്ഹെല്‍ത്ത് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണവും കിംസില്‍ ആന്‍ജിയോപ്ലാസ്റ്റിയും കാര്‍ഡിയാക് സര്‍ജറിയും പൂര്‍ത്തിയാക്കിയവരുടെ ഒത്തുചേരലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഹൃദ്രോഗ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ജീവിതശൈലിയിലും ഭക്ഷണശീലത്തിലും വന്ന വ്യത്യാസമാണ് ഇതിനു കാരണമെന്നും സ്പീക്കര്‍ പറഞ്ഞു. ഉത്തരവാദിത്വത്തോടെ ഭക്ഷണം കഴിക്കുകയെന്നത് ഒരു ശീലമാക്കി വളര്‍ത്തിയെടുക്കണം. ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇത് വളരെ പ്രധാനമാണ്. പുകവലി പോലുള്ള ദുശ്ശീലങ്ങളും ഒഴിവാക്കണം. ചെറുപ്രായത്തിലെ ഹൃദ്രോഗ, ഹൃദയസ്തംഭന മരണങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. ചെറുപ്പക്കാര്‍ ഹൃദയാരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിംസ്ഹെല്‍ത്തില്‍ നിന്ന് ആന്‍ജിയോപ്ലാസ്റ്റിയും കാര്‍ഡിയാക് സര്‍ജറിയും വിജയകരമായി പൂര്‍ത്തിയാക്കിവരുടെ സംഗമവേദി എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു ചടങ്ങ്. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. രോഗമുക്തി നേടിയവര്‍ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു. ഹൃദയസംബന്ധമായ രോഗങ്ങളാല്‍ വലിയ ബുദ്ധിമുട്ട് നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് കരുതിയവര്‍ ആരോഗ്യം വീണ്ടെടുത്ത അനുഭവങ്ങള്‍ സദസ്സിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് ഹൃദയാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കിംസ്ഹെല്‍ത്തിലെ ആരോഗ്യ വിദഗ്ധര്‍ സംസാരിച്ചു.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഹൃദയ ചികിത്സാ രംഗത്ത് പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. രോഗികളുടെ സുരക്ഷയും വൈദ്യപരിചരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐടി സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തി കിംസ്ഹെല്‍ത്ത് തുടക്കമിട്ട അതിനൂതന സംരംഭങ്ങള്‍ രോഗികള്‍ക്ക് വലിയ പ്രയോജനമാകും. പേഷ്യന്‍റ് മൊബൈല്‍ ആപ്, ടെലി ഐസിയു, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള റേഡിയോളജി സംവിധാനം എന്നിവ രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതു മുതല്‍ ഡോക്ടര്‍മാരുമായുള്ള അപ്പോയിന്‍റ്മെന്‍റ് വരെയുള്ള നിരവധി ഘട്ടങ്ങളില്‍ വലിയ കുതിച്ചുചാട്ടമായേക്കാവുന്ന സാങ്കേതിക വിദ്യകളാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരിലെ ശരാശരി ആയൂര്‍ദൈര്‍ഘ്യം വര്‍ധിക്കുകയാണെന്നും ഇതിന്‍റെ ഗുണഫലം ലഭിക്കണമെങ്കില്‍ ചെറുപ്പക്കാര്‍ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കിംസ്ഹെല്‍ത്ത് വൈസ് ചെയര്‍മാനും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറുമായ പ്രൊഫ.ഡോ. ജി.വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കിംസ്ഹെല്‍ത്തില്‍ 4455 ബൈപാസ് സര്‍ജറിയും 16,478 ആന്‍ജിയോഗ്രാമും 7016 പേര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയും നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കിംസ്ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് നന്ദി പറഞ്ഞു.

ഹൃദയ ചികിത്സയില്‍ ഏറ്റവും പുതിയ ചികിത്സാ രീതികള്‍ ലഭ്യമായ തെക്കന്‍ കേരളത്തിലെ ആശുപത്രികളില്‍ ഒന്നാണ് കിംസ്ഹെല്‍ത്ത്. എഫ്.എഫ്.ആര്‍ (ഫ്രാക്ഷണല്‍ ഫ്ളോ റിസര്‍വ്), ഐ.വി.യു.എസ് (ഇന്‍ട്രാവാസ്കുലാര്‍ അള്‍ട്രാസൗണ്ട്), ഒ.സി.ടി (ഒപ്റ്റിക്കല്‍ കൊഹറന്‍സ് ടോമോഗ്രാഫി), ഐ.വി.എല്‍ (ഇന്‍ട്രാ വാസ്കുലാര്‍ ലിത്തോട്രിപ്സി), ടി.എ.വി.ആര്‍ (ട്രാന്‍സ് കത്തിറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലേസ്മെന്‍റ്), പെര്‍ക്യൂട്ടേനിയസ് ഡിവൈസ് ക്ലോഷര്‍ തുടങ്ങിയ നിരവധി ആധുനിക ചികിത്സാ സൗകര്യങ്ങള്‍ കിംസ്ഹെല്‍ത്തില്‍ ഉണ്ട്.