ഏതൊക്കെ തരത്തിൽ ബിസിനസ്സ് തുടങ്ങാം ? ( ശിവകുമാർ )

സംരംഭകരാകാനാഗ്രഹിക്കുന്ന ഓരോരുത്തരും, അടിസ്ഥാനപരമായ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ലോൺ എടുക്കുവാനും സർക്കാർ സബ്സിഡികൾ ലഭിക്കുവാനും സാധിക്കുന്ന വഴികൾ തീർച്ചയായും അറിഞ്ഞിരിക്കണം. MSME വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് എന്നതിനാൽ ഇത്തരം അറിവുകൾ പ്രധാനമാണ്,.
ഏറെ ലളിതമായ മുകളിലെ ചോദ്യത്തിൻ്റെ ഉത്തരവും ലളിതമാണ്. പ്രധാനമായും നാല് തരത്തിൽ ഏതൊരാൾക്കും സംരംഭങ്ങൾ തുടങ്ങാം. അഥവാ നമ്മൾ തുടങ്ങുന്ന സംരംഭങ്ങൾ, നാല് വിഭാഗത്തിലെ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുന്നു എന്നർത്ഥം.
അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ഉൽപ്പാദനം (മാനുഫാക്ചറിംഗ്)
2. സേവനം (സെർവീസ്)
3. വ്യാപാരം ( ട്രേഡിംഗ്)
4. കൃഷി, കന്നുകാലി വളർത്തൽ എന്നിവ.
ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗങ്ങളിലാണ് പ്രധാനമായും ഇന്ന് നമ്മൾ ശ്രദ്ധിക്കുന്നത്. കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മത്സ്യകൃഷി എന്നിവയെക്കുറിച്ച് എല്ലാവർക്കും ധാരണ ഉണ്ടാവുമല്ലോ. എന്നാൽ നമ്മൾ തുടങ്ങാനുദ്ധേശിക്കുന്ന മറ്റു രീതിയിലുള്ള സംരംഭങ്ങൾ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
1. ഉൽപ്പാദനം.
——————–
ഏതെങ്കിലും തരത്തിലുള്ള അസംസ്ക്യത വസ്തുക്കൾ ഉപയോഗിച്ച് പുതിയൊരു ഉൽപ്പന്നം നിർമ്മിക്കുന്ന പ്രവൃത്തിയാണ് ഉത്പ്പാദനം.
മൊബൈൽ, കമ്പ്യൂട്ടർ, വാഹനങ്ങൾ, അവയുടെ പാർട്ട്സ്, പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി പുതിയതായി ഏതൊരു ഉൽപ്പന്നം നിർമ്മിക്കുന്നതും ഉൽപ്പാദനമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അതുപോലെ തേങ്ങ വാങ്ങി, വെളിച്ചെണ്ണയാക്കി വിൽക്കുന്നതും, മുളക് വാങ്ങി പൊടിച്ച്, മുളക് പൊടിയായി മാറ്റുന്നതും ഉൽപ്പാദനം തന്നെയാണ്. അതായത് തേങ്ങ എന്ന അസംസ്ക്യത വസ്തു, ഉൽപ്പന്നമായ എണ്ണയായും, മുളക് എന്നത് മുളക് പൊടിയായും മാറുന്നു. ഇത്തരത്തിലുള്ള ഏത് ബിസിനസ്സ് ചെയ്യുന്നവരും, പൊതുവിൽ ഉൽപ്പാദകരുടെ ഗണത്തിൽ പെടുന്നു.
2. സേവനം
——————–
സേവന മേഖലയെക്കുറിച്ച് മിക്കവാറും എല്ലാവർക്കും അറിയാവുന്നതാണെങ്കിലും, പുതിയ സംരംഭകർക്ക് ഒരു പാട് ആശയക്കുഴപ്പം സൃഷ്ടിക്കാറുമുണ്ട്. ബ്യൂട്ടി പാർലർ, ടൈലറിംഗ് ഷോപ്പ്, ട്രാവൽ & ടൂറിസം, ഫിറ്റ്നസ് സെൻറർ, തുടങ്ങി സേവനങ്ങൾ മാത്രം നൽകുന്നവയാണ്, പൊതുവെ ഈ വിഭാഗത്തിൽ പെടുന്നത്.
എന്നാൽ, നിയമപരമായി ചില ഉൽപ്പന്നങ്ങൾ നൽകുന്നവയും പലപ്പോഴും സേവനത്തിൻ്റെ പരിധിയിൽ തന്നെ വരാറുണ്ട്. ഉദാഹരണമായി നമ്മൾ വെളിച്ചെണ്ണ നിർമ്മാതാക്കളിൽ നിന്നും ക്വിൻറൽ കണക്കിന് എണ്ണ വാങ്ങി, 100, 250, 500 ml,1 Ltr എന്നിങ്ങനെ പാക്കറ്റിലോ, ബോട്ടിലിലോ നിറച്ച് വിൽക്കുകയാണെങ്കിൽ, സേവനത്തിൻ്റെ പരിധിയിലാണ് വരുന്നത്. അതുപോലെ മൊത്തമായി മുളക്, മല്ലി തുടങ്ങിയവ വാങ്ങി ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതും സേവനമാണ്.
അതായത്, ഇവിടെ ഉൽപ്പന്നത്തിന് രൂപമാറ്റം സംഭവിക്കുന്നില്ല, പുതിയ ഉൽപന്നമായി മാറുന്നുമില്ല. എന്നാൽ ഉപഭോക്താവിന് ആവശ്യമുള്ള അളവിൽ വാങ്ങാനുള്ള സൗകര്യം അഥവാ സേവനം നൽകുക മാത്രമാണ് ചെയ്യുന്നത്.
3. വ്യാപാരം (ട്രേഡിംഗ്)
————————————–
ഏതെങ്കിലും ഉൽപന്നത്തിൻ്റെ രൂപമോ അളവോ മാറ്റാതെ, ഉപഭോക്താവിന് നേരിട്ട് കൈമാറുന്നതിനെ വ്യാപാരം എന്ന് പറയാം. വെളിച്ചെണ്ണ നിർമ്മാതാവിൽ നിന്നും പാക്കറ്റുകളോ ബോട്ടിലുകളോ ആയി വാങ്ങിയിട്ട്, അല്ലെങ്കിൽ മുളക് പൊടി പാക്കറ്റ് വാങ്ങി അതു പോലെ തന്നെ കസ്റ്റമർക്ക്, മറിച്ച് വിൽക്കുന്നതാണ് വ്യാപാരം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
മേൽപ്പറഞ്ഞ മൂന്ന് തരംതിരിവുകളെ എളുപ്പത്തിൽ മനസ്സിലാക്കാനായി മറ്റൊരു ഉദാഹരണം കൂടെ നോക്കാം.
ഒരാൾ, കുറച്ച് തുണി വാങ്ങി, ഷർട്ട് തയ്ച്ച്, റെഡിമെയ്ഡ് ഷർട്ടായി വിൽക്കുന്നുവെങ്കിൽ ഉൽപ്പാദനമായും, എന്നാൽ തുണികൊണ്ട് വരുന്ന കസ്റ്റമർക്ക് ഷർട്ട് തയ്ച്ച് നൽകുക മാത്രമാണെങ്കിൽ സേവനമായും, റെഡിമെയ്ഡ് ഷർട്ടുകൾ വാങ്ങി വിൽപ്പന നടത്തുന്നത്, വ്യാപാരമായും കണക്കാക്കപ്പെടുന്നു.
നേരത്തെ സൂചിപ്പിച്ച MSME എന്താണെന്ന് മിക്കവർക്കും അറിയാമായിരിക്കും. MSME മന്ത്രാലയം, കോവിഡ് കാലത്ത് പുതിയ പല സകീമുകളും അവതരിപ്പിച്ചത് ഓർക്കുന്നുമുണ്ടാവും. എങ്കിലും ഒരു വർഷം മുൻപ് അതിൻ്റെ നിർവ്വചനത്തിൽ കാതലായ മാറ്റം വരികയുണ്ടായി.
Micro, Small & Medium Enterprises എന്നതിൻ്റെ ചുരുക്ക രൂപമാണ് MSME.
ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, നേരത്തെ നമ്മൾ പരിശോധിച്ചവയിൽ, ഉൽപ്പാദനം, സേവനം എന്നീ മേഖലയിലുള്ള സംരംഭങ്ങൾ മാത്രമാണ്. വ്യാപാര മേഖല, MSME യുടെ പരിധിയിൽ വരുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ഇനി എന്താണ്, Micro, Small, Medium സംരംഭങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ന് നോക്കാം.
Micro Enterprises
—————————–
ഉൽപ്പാദത്തിനോ സേവനത്തിനോ വേണ്ടി, ഒരു കോടി രൂപയിൽ താഴെ മാത്രം പ്ലാൻ്റ് & മെഷീനുകൾക്കായി മുതൽ മുടക്കിയിട്ടുള്ളതും, വാർഷിക വിറ്റുവരവ് 5 കോടി രൂപയിൽ താഴെ മാത്രം ഉള്ളവയുമാണ് ഈ വിഭാഗത്തിൽ വരുന്നത്.
Small Enterprises
—————————-
പ്ലാൻറ് & മെഷീനറികൾക്കായി, ഒരു കോടി ക്ക് മുകളിൽ, എന്നാൽ 10 കോടി രൂപയിൽ താഴെ മുതൽ മുടക്കിയിട്ടുള്ള, ഒപ്പം വാർഷിക വിറ്റുവരവ്, 50 കോടി രൂപയിൽ താഴെ വരുന്നതുമായ സംരംഭങ്ങളാണ് ഈ ഗണത്തിൽ ഉൾപ്പെടുന്നത്.
Medium Enterprises
——————————–
പത്ത് കോടി രൂപക്ക് മുകളിൽ എന്നാൽ അൻപത് കോടി രൂപയിൽ താഴെ മുതൽ മുടക്കിയിട്ടുള്ള, വാർഷിക വിറ്റുവരവ് 250 കോടിയിൽ താഴെയുള്ള സംരംഭങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഉൽപ്പാദന, സേവന മേഖലയിൽ സംരംഭകരാവാൻ ഉദ്ദേശിക്കുന്നവർ, Entrepreneurship Development Programme ൽ പങ്കെടുത്ത്, സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് ലോൺ ലഭിക്കുക എന്നതിനാൽ, നേരത്തെ തന്നെ, സമയം ലഭിക്കുമ്പോൾ പരിശീലനം നേടുന്നത് ഉചിതമാണ്. ലോൺ എടുക്കുന്ന അവസാന നിമിഷത്തിൽ പരിശീലനത്തിനായി ഓടുന്ന അവസ്ഥ ഒഴിവാക്കാം എന്ന് മാത്രമല്ല, സംരംഭങ്ങളെക്കുറിച്ച് നല്ലൊരു ധാരണ ലഭിക്കാനും ഇത് ഉപകരിക്കും.
കാര്യങ്ങൾ ഇങ്ങിനെയാണെങ്കിലും നമ്മൾ ശ്രദ്ധിക്കേണ്ടത്, എളുപ്പത്തിൽ അല്ലെങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ എങ്ങിനെ സംരംഭകരാവാം എന്നതാണ്.
ശിവകുമാർ