തലവരിപ്പണം തടയാന്‍ എഡ്യുവിജില്‍ പദ്ധതി നടപ്പാക്കിയാല്‍ ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനെതിരെ തിരിയും 1957 ലെ വിമോചന സമരം ആവര്‍ത്തിക്കുമെന്ന് ഭീഷണി.

-സ്വന്തം ലേഖകന്‍-

വിദ്യാഭ്യാസ ക്കച്ചവടത്തിന് കടിഞ്ഞാണിടാന്‍ വിജിലന്‍സിന്റെ ‘എഡ്യൂവിജില്‍’ പദ്ധതി. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലെ തലവരിപ്പണം, (ക്യാപ്പിറ്റേഷന്‍ ഫീസ് ) നിയമനക്കോഴ എന്നിവ അവസാനിപ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് പുതിയ പദ്ധതി തയ്യാറാക്കിയത്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡയറക്ടര്‍ പുറത്തിറക്കി.
പ്രവേശനത്തിന് തലവരി പണം വാങ്ങാന്‍ പറ്റില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമനങ്ങളും അഴിമതി രഹിതമായിരിക്കണം, കോഴപ്പണം വാങ്ങുന്നില്ലെന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങള്‍ നിയമനത്തിനും പ്രവേശനത്തിനും കോഴ വാങ്ങുന്നില്ലെന്ന് എഴുതി പ്രദര്‍ശിപ്പിക്കണ മെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളോട് സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബഹു ഭുരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയ്യാളുന്ന ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ തലവരിപ്പണവും നിയമനക്കോഴയും നാട്ടുനടപ്പാണ്. ന്യൂനപക്ഷ അവകാശമെന്ന പേരിലാണ് ഈ തീവെട്ടിക്കൊള്ള വര്‍ഷങ്ങളായി വെച്ചു നടത്തുന്നത്. 1957ലെ ഇ എം എസ് സര്‍ക്കാരിനെതിരെ കത്തോലിക്ക സഭ വിമോചന സമരവുമായി തെരുവിലിറങ്ങിയത് വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിന്റെ പേരിലായിരുന്നു. അതെ സ്ഥിതി വിശേഷമാണ് ഇന്നും നിലനില്‍ക്കുന്നത്. സര്‍ക്കുലറില്‍ പറയുംപൊലെ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നില്ലായെന്ന് നോട്ടീസ് പ്രദര്‍ശിപ്പിക്കുകയും പിന്‍വാതിലിലൂടെ പണം വാങ്ങുകയും ചെയ്യുന്ന ഏര്‍പ്പാടായിരിക്കും വരും നാളുകളില്‍ സംഭവിക്കുക. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 3500 കോടി രൂപയുടെ കള്ളപ്പണ മിടപാട് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രൈസ്തവ സഭകളുടെ മുഖ്യ വരുമാന സ്രോതസ്സിന് മേല്‍ കൈവെക്കുന്ന തീരു മാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്ന് കാണാം.