നാദധാരയ്ക്ക് 55 വയസ്സ്; കെ.ജെ. യേശുദാസ് പാടാന്‍ തുടങ്ങിയിട്ട് ഇന്ന് 55 വര്‍ഷം

മലയാളിക്കുവേണ്ടി, മലയാളത്തിന്റെ സുകൃതത്തിനുവേണ്ടി കെ.ജെ. യേശുദാസ് പാടാന്‍ തുടങ്ങിയിട്ട് ഇന്ന് 55 വര്‍ഷം

അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് , 1961 ലെ ജൂണ്‍ മാസം ടക്സിഡ്രൈവര്‍ മത്തായിച്ചേട്ടന്‍ നല്‍കിയ 16 രൂപയുമായി കൊച്ചിയിലെ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നും മദ്രാസിലെ മൈലാപൂരിലേക്ക് തീവണ്ടി കയറുമ്പോള്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ് പോലും ചിന്തിച്ചിട്ടുണ്ടാകില്ല മലയാളം മരിക്കുവോളം അനശ്വരമാകുന്ന മഹത്തായ ഒരു സംഗീത നിര്‍വ്വഹണത്തിന്റെ തീര്‍ത്ഥാടനമായിരിക്കും അതെന്ന്. ഒന്നും അനായാസമായിരുന്നില്ല യേശുദാസിന്. ദാരിദ്ര്യം, പട്ടിണി, നിരുത്സാഹപ്പെടുത്തുന്ന എതിര്‍പ്പുകള്‍.. പക്ഷേ നിശ്ചയദാര്‍ഢ്യത്തോടെ യേശുദാസ് സംഗീത സാഗരങ്ങളെ പാടിയുണര്‍ത്തി. പാട്ടിന്റെ പാലാഴി തീര്‍ത്ത് ചലച്ചിത്ര സംഗീതത്തിന്റെ കനക സിംഹാസനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. കസ്തൂരി മണക്കുന്ന പാട്ടുകളിലൂടെ മലയാളിയുടെ ഗാനഗന്ധര്‍വ്വനായി. കശ്മീരി, ആസാമീസ് ഭാഷകളൊഴിച്ച് എല്ലാ ഇന്ത്യന്‍ ഭാഷകളെയും തന്റെ ശബ്ദ മാധുര്യം കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട് കെ ജെ യേശുദാസ്. കടല്‍ കടന്ന് അറബിയിലും ലത്തീനിലും ഇംഗ്ലീഷിലും റഷ്യനിലും യേശുദാസ് പാടി. 50 വര്‍ഷങ്ങള്‍… അര ലക്ഷത്തിലേറെ ഗാനങ്ങള്‍…
വയലാര്‍-ദേവരാജന്‍ ടീമില്‍ ഉടലെടുത്ത അക്കാലത്തെ പാട്ടുകള്‍ക്ക് ജീവനേകാന്‍ ഒരേയൊരു ശബ്ദമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളു. യേശുദാസ്.എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍ , ദക്ഷിണാമൂര്‍ത്തി, എ.ടി. ഉമ്മര്‍ , രവി ബോംബേ, എം.ജി. രാധാകൃഷ്ണന്‍, ശ്യം, ജെറി അമല്‍ ദേവ്, ജോണ്‍സണ്‍, രവീന്ദ്രന്‍ , ഔസേപ്പച്ചന്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങീ പുതുതലമുറയിലെ ജാസി ഗിഫ്റ്റും എം. ജയചന്ദ്രനും അടക്കമുള്ള എണ്ണമറ്റ സംഗീത സംവിധായകര്‍ ആ ശബ്ദത്തിന്റെ സാധ്യതകളെ മലയാളികളുടെ കാതുകളെ വിരുന്നൂട്ടി.

അരനൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം എത്ര പാട്ടുകള്‍ പാടിത്തന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരു ദിവസം പല ഭാഷകളില്‍ 11 പാട്ട് പാടിയ അപൂര്‍വത വരെയുണ്ടതില്‍. ആകെ അരലക്ഷം എന്നൊരു കണക്കുണ്ട് സംഗീത ഗവേഷകര്‍ക്ക്. ഭാഷകളിലുമുണ്ട് ഈ വൈവിധ്യം. മലയാളത്തിന്റെ മലയതിരുകള്‍ക്കകത്ത് ഒതുങ്ങാതെ എല്ലാ ഭാഷകളിലുമായി ആ ശബ്ദം പരന്നൊഴുകി. കശ്മീരിയും അസമീസുമല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെല്ലാം യേശുദാസ് പാടി.

ഇംഗ്ലീഷ്, അറബി, ലത്തീന്‍, റഷ്യന്‍ ഭാഷകള്‍ ആ ശബ്ദത്തെ ലോകത്തോളമുച്ചത്തിലാക്കി. സ്വര മാധുര്യവും വൈദഗ്ധ്യവും കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച പല പാട്ടുകളതില്‍ പിറന്നു.

മലയാളിക്കുവേണ്ടി, മലയാളത്തിന്റെ സുകൃതത്തിനായി കാട്ടാശേരി ജോസഫ് യേശുദാസ് പാടാന്‍ തുടങ്ങിയിട്ട് ഇന്ന് 55 വര്‍ഷം. 1961 നവംബര്‍ 14നു യേശുദാസിന്റെ ആദ്യഗാനം റിക്കാര്‍ഡ് ചെയ്യപ്പെട്ടു. കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്
എന്ന ശ്ലോകമാണ് യേശുദാസ് എന്ന ഇരുപത്തൊന്നുകാരന്‍ പാടി ആദ്യമായി റിക്കാര്‍ഡ് ചെയ്തത്. ശ്രീനാരായണഗുരുവിന്റെ ഹൃദയത്തില്‍ നിന്ന് ഊറിവന്ന തീര്‍ഥജലം പോലുള്ള വരികള്‍ പാടാന്‍ കാലം തന്നെ ഗാനഗന്ധര്‍വനെ നിയോഗിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി. ജാതിമതസ്പര്‍ധകളും വര്‍ഗീയതയും കരിമേഘംപോലെ നാട്ടില്‍ പടരുമ്പോഴെല്ലാം ഒരു ഓര്‍മപ്പെടുത്തല്‍ പോലെ വീണ്ടും വീണ്ടും മലയാളിയുടെ ദാസേട്ടന്‍ ഇതേ ശ്ലോകം പാടുന്നു.

കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍, മുഖ്യ നിര്‍മാതാവ് രാമന്‍ നമ്പിയത്ത്, സംഗീത സംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ തുടങ്ങിയ ആരും ഇന്നീ ഭൂമിയിലില്ലെങ്കിലും ഈ അഞ്ചര പതിറ്റാണ്ടിന്റെ പകലിലും യേശുദാസ് നമ്മെ മുഴുവന്‍ ഒരു അഭൗമ ലഹരിയിലാഴ്ത്തുന്നു. ടൈഫോയിഡ് പിടിച്ച് വിറച്ചു തളര്‍ന്നാണ് ആദ്യ ചലച്ചിത്രഗാനം പാടാന്‍ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ യേശുദാസ് എത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രാരാബ്ധങ്ങള്‍ അങ്ങനെ പല വേദനകള്‍ക്കും നടുവില്‍ കണ്ണുകള്‍ അടച്ച് നിന്ന് ആദ്യഗാനം പാടുമ്പോള്‍ തന്റെ സംഗീതം അരനൂറ്റാണ്ടിലേറെ ഈ മലയാളത്തിലിങ്ങനെ ഒഴുകി ഒഴികി പരക്കും എന്നു മെലിഞ്ഞു നീണ്ട ആ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നില്ല…

അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നിറകണ്ണുകളോടെയുള്ള പ്രാര്‍ഥനയാകാം ആ സംഗീതജൈത്രയാത്രയ്ക്കു പിന്നില്‍. അല്ലെങ്കില്‍ മുഴുവന്‍ മലയാളികളുടെയും ജന്മസുകൃതമാകാം. മലയാളിയുടെ സ്വപ്‌നങ്ങള്‍ക്കു, പ്രണയത്തിന്, സ്‌നേഹത്തിന്, വാത്സല്യത്തിന്, വേദനകള്‍ക്ക്, ഉണര്‍വിന്.. എല്ലാം എല്ലാം സ്വര്‍ണച്ചാമരം വീശിക്കൊണ്ട് നമ്മുടെ കാതിനരികെ, ഹൃദയത്തിനരികെ ആ അലൗകിക ശബ്ദം ചേര്‍ന്നു നില്‍ക്കുന്നു.