ക്ലൈമാക്‌സില്‍ സമരം പൊളിഞ്ഞു; തീയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും

ഇന്ന് മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനം തുടങ്ങുമെന്ന് എക്‌സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍

ദിലീപിന്റെ നേതൃത്വത്തില്‍
പുതിയ സംഘടന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം

നാളുകളായി മലയാള സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ എ-ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളുടെ തീയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിക്കും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്നാണ് ഫെഡറേഷന്റെ നിലപാട്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ പിളര്‍പ്പ് രൂക്ഷമായിരുന്നു. നടന്‍ ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ ഇന്ന് പുതിയ സംഘടനാ രൂപീകരണ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സമരം പിന്‍വലിച്ചതെന്നാണ് അനുമാനം. സിനിമാ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, മള്‍ട്ടിപ്ലക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തീയേറ്റര്‍ നടത്തുന്ന ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നത് ഫെഡറേഷനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സമരം നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകൂവെന്ന മുഖ്യമന്ത്രിയുടെ നിലപാടും സമരാനുകൂലികള്‍ക്ക് വെല്ലുവിളിയായിരുന്നു.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളായിരുന്ന 73 തീയേറ്ററുകള്‍ സമരം അവസാനിപ്പിച്ച് തമിഴ് ചിത്രമായ ഭൈരവ റിലീസ് ചെയ്തിരുന്നു. എറണാകുളം കവിത തീയേറ്റര്‍ ഉടമയും ഫെഡറേഷന്റെ ട്രഷററുമായ സാജു ജോണി സ്ഥാനം രാജിവെച്ച് സിനിമ റിലീസിംഗിന് തയ്യാറായിരുന്നു.

ഈ മാസം 19-ന് മലയാള സിനിമ റിലീസ് ചെയ്യാന്‍ സമരത്തില്‍ പങ്കെടുക്കാത്തവര്‍ തീരുമാനിച്ചിരുന്നു. ഏത് സിനിമ റിലീസ് ചെയ്യണമെന്നത് ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗമാണ് തീരുമാനമെടുക്കുക.

അതേസമയം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിട്ടു പോകുന്നവര്‍ സ്വാര്‍ത്ഥ താല്‍പര്യം മാത്രം ലക്ഷ്യമിടുന്നവരാണെന്നും ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ കൊണ്ടൊന്നും സംഘടന തകരില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തീയേറ്റര്‍ വിഹിതം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയാണ് ചലച്ചിത്ര നിര്‍മ്മാണ, വിതരണക്കാരും സംസ്ഥാനത്തെ എ-ക്ലാസ് തീയേറ്ററുകളുടെ ഉടമകളായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. നിലവിലെ വിഹിതമായ 40 ശതമാനത്തിന് പകരം 50 ശതമാനം ലഭിക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ നിലപാട് നിര്‍മ്മാതാക്കളും വിതരണക്കാരും തള്ളിയതോടെ തര്‍ക്കം സമരത്തില്‍ കലാശിക്കുകയായിരുന്നു.